വാഹനങ്ങളിലെ ഗ്ലാസുകളില്‍ നിയമാനുസൃതമല്ലാതെ കൂളിങ്ങ് സ്റ്റിക്കറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്നത് തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ ആരംഭിച്ചു. ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നത്.
ഓപ്പറേഷന്‍ സ്റ്റിക്കറിന്റെ ഭാഗമായി ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ 200 വാഹനങ്ങള്‍ക്കെതിരേ നടപടി എടുത്തതായാണ് റിപ്പോര്‍ട്ട്. പിടിയിലായ വാഹനങ്ങളില്‍ ചിലര്‍ക്ക് പിഴയീടാക്കുകയും ചിലതിന് നോട്ടീസ് നല്‍കുകയും ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ട്ടണുകളും കൂളിങ്ങ് സ്റ്റിക്കറുകളും നീക്കി വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
വാഹനങ്ങളുടെ ഗ്ലാസുകളില്‍ കൂളിങ്ങ് സ്റ്റിക്കറുകള്‍ പതിക്കുന്നതും കര്‍ട്ടണുകള്‍ ഇട്ട് കാഴ്ച മറയ്ക്കുന്നതും സുപ്രീം കോടതിയും ഹൈക്കോടതിയും നിരോധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. വാഹനം നിര്‍ത്താതെ തന്നെ ഇലക്ട്രോണിക് ചെലാന്‍ സംവിധാനത്തിലൂടെ പരമാവധി കേസെടുക്കാന്‍ സാധിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നത്. മുന്‍പ് ഈ കേസിന് നടപടി നേരിട്ടിട്ടുള്ളവരെയും ഈ സംവിധാനത്തിലൂടെ തിരിച്ചറിയാന്‍ കഴിയും.
മുമ്പ് നടപടി നേരിട്ടിട്ടും കര്‍ട്ടണും കൂളിങ്ങും തുടര്‍ന്നും ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. ഇത്തരം വാഹനങ്ങള്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുന്നതും പരിഗണനയിലുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. കറുത്ത ഫിലിമുകള്‍ പതിച്ചിട്ടുള്ള വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടികള്‍ കാര്യക്ഷമമാക്കുന്നതെന്നാണ് വിവരം.
അതേസമയം, ഇസഡ് കാറ്റഗറിയോ, ഇസഡ് പ്ലസ് കാറ്റഗറിയോ സുരക്ഷയുള്ള വി.ഐ.പി, വി.വി.ഐ.പി. വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് കൂളിങ്ങ് ഫിലിം, കര്‍ട്ടണ്‍ എന്നിവ ഉപയോഗിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നത്.
Content Highlights: Motor Vehicle Department Operation Screen For Caught Sun Film And Window Curtain In Cars