മോട്ടോര്‍വാഹന വകുപ്പിന്റെ ബഹുഭൂരിപക്ഷം സേവനങ്ങളും അപേക്ഷകളും ഇടപാടുകളും ഓണ്‍ലൈനിലാക്കിയെങ്കിലും ഇടനിലക്കാരുടെ കൊള്ളയും ചൂഷണവും തുടരുന്നു. ജനങ്ങളുടെ അജ്ഞത മുതലെടുത്താണ് ഇടനിലക്കാര്‍ ജനങ്ങളില്‍നിന്നു വലിയ തുക കൊള്ളയടിക്കുന്നത്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇങ്ങനെ

ലൈസന്‍സ് പുതുക്കല്‍, വാഹന ഉടമയുടെ പേരുമാറ്റം, ആര്‍.സി. ബുക്കിലെ മേല്‍വിലാസമാറ്റം, ലൈസന്‍സിലെ മേല്‍വിലാസമാറ്റം, വാഹനത്തിന്റെ ഫിനാന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, റീ-രജിസ്ട്രേഷനുകള്‍ തുടങ്ങി മോട്ടോര്‍വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രധാനസേവനങ്ങളും ഓണ്‍ലൈനിലൂടെ ഇപ്പോള്‍ പൂര്‍ത്തിയാക്കാം. 

നാളുകളായി ഇതെല്ലാം നടക്കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഇടനിലക്കാരുടെ വലയില്‍ വീഴാറുണ്ട്. യഥാര്‍ഥ ഫീസിനെക്കാള്‍ കൂടുതല്‍ തുക വാങ്ങിയാണ് ഇവര്‍ സേവനങ്ങള്‍ നല്‍കുന്നത്. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പില്‍ ഒട്ടേറെ പരാതികളാണു ദിനംപ്രതി ലഭിക്കുന്നത്.

മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്

ഇടനിലക്കാരുടെ ഇടയില്‍പ്പെടരുതെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉപദേശിക്കുന്നത്. ഇടനിലക്കാരുടെ വാക്കുകളില്‍ വീണ് ഇരട്ടിപൈസയിലേറെ നല്‍കിയാണ് പലരും ഇടപാടുകള്‍ നടത്തുന്നത്. നേരിട്ടുചെന്നാല്‍ കാലതാമസം വരുമെന്നും തടസ്സമുണ്ടാകുമെന്നും പറഞ്ഞാണ് അറിവില്ലാത്തവരെ ചൂഷണം ചെയ്യുന്നത്. 

ചിലര്‍ക്ക് ഓണ്‍ലൈനിനെക്കുറിച്ചു കൃത്യമായ അറിവുണ്ടായിട്ടും നേരിട്ടുചെന്നാല്‍ കാലതാമസവും തടസ്സവും ഉണ്ടാകുമെന്നു കരുതി ഇടനിലക്കാരെ ഏല്‍പ്പിക്കാറുണ്ട്. ഒരുതരത്തിലും ഏജന്റുമാരെ സമീപിക്കേണ്ടതില്ലെന്നും ഓഫീസുമായി നേരിട്ടുബന്ധപ്പെട്ടാല്‍ എല്ലാസേവനങ്ങളും തടസ്സമില്ലാതെ കൃത്യസമയങ്ങളില്‍ ലഭിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്തിനും തയ്യാര്‍

യഥാര്‍ഥ ഫീസും മറ്റു നടപടിക്രമങ്ങളും സംശയങ്ങളും വിവരങ്ങളും അറിയണമെങ്കില്‍ ഓഫീസുമായി തന്നെ ബന്ധപ്പെടണം. ഓഫീസ് സമയത്ത് പ്രാദേശികതലത്തിലെ ഓഫീസുകളുമായി ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlights: Motor vehicle department online services, MVD Kerala offers services through digital platform, MVD Kerala