മിതവേഗത്തിലും നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയും റോഡിലൂടെ പായുന്നവരെ പിടികൂടാന്‍ 'ഓപ്പറേഷന്‍ റാഷു'മായി മോട്ടോര്‍ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി തിങ്കള്‍മുതല്‍ ബുധന്‍വരെ ആലപ്പുഴ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 265 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.

ചങ്ങനാശ്ശേരിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തു മത്സരയോട്ടം നടത്തുന്നവരെ പിടികൂടാനായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണു പരിശോധനകള്‍. ജില്ലാ ആര്‍.ടി. ഓഫീസും സേഫ്‌കേരള എന്‍ഫോഴ്സ്മെന്റ് സംഘവും ചേര്‍ന്നാണു പരിശോധന.

അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവരുടെ കേസുകള്‍ ഇ- കോടതിയിലേക്കു(വെര്‍ച്വല്‍ കോടതി) മാറ്റും. ഒന്നിലേറെത്തവണ നിയമലംഘനത്തിന് ഇ- കോടതി കയറേണ്ടിവന്നാല്‍ ശിക്ഷ വര്‍ധിക്കും. വാഹന രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ റദ്ദുചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കും.

മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ അമിതവേഗത്തില്‍ ഓടിച്ച 48 പേര്‍ക്കെതിരേയും അശ്രദ്ധമായും അപകടകരമായ രീതിയിലും വണ്ടിയോടിച്ച 26 പേര്‍ക്കെതിരേയും വാഹനത്തിനു രൂപമാറ്റംവരുത്തിയ 67 പേര്‍ക്കെതിരേയും അമിതശബ്ദം പുറപ്പെടുവിച്ചതിനു 124 പേര്‍ക്കെതിരേയും നടപടിയെടുത്തു. ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയുടെ ഭാഗമായി 16 പേര്‍ക്കു നോട്ടീസ് നല്‍കി. 

സൈലന്‍സര്‍ മാറ്റിവെച്ച് അമിതശബ്ദം ഉണ്ടാക്കിയ 764 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. വാഹനത്തിനു രൂപമാറ്റം വരുത്തിയാല്‍ ഓരോ മാറ്റത്തിനും 5,000 വീതം പിഴയീടാക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരേയും വാഹനയുടമയ്‌ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.ആര്‍. സുമേഷ് അറിയിച്ചു.

ഓപ്പറേഷന്‍ റാഷുമായി ബന്ധപ്പെട്ട പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കാം. വാട്സാപ്പ് നമ്പര്‍- 9188961004.

Content Highlights: Motor vehicle Department Launch Operation Rash To Caught Traffic Rule Violators