പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി
മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച എ.െഎ. ക്യാമറകള്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ, നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിത്തുടങ്ങും. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെയാളായി യാത്രചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ പിഴയുണ്ടാവില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇക്കാര്യത്തില്‍ നിയമഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെയായിരിക്കും ഈ നടപടി. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. നാലു വയസ്സിന് താഴെയുള്ള കുട്ടിക്ക് നിര്‍ബന്ധമല്ല.
ആക്ഷേപമുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാം
സംസ്ഥാനത്ത് സ്ഥാപിച്ച 726 ക്യാമറകളില്‍ 692 എണ്ണവും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ് നിര്‍മാണം കാരണം മാറ്റിസ്ഥാപിക്കേണ്ടവ, കേടുപാടുകള്‍ സംഭവിച്ചവ എന്നിങ്ങനെ 34 ക്യാമറകള്‍ ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.യ്ക്ക് അപ്പീല്‍ നല്‍കാം. ഈ സംവിധാനം രണ്ടു മാസത്തിനുള്ളില്‍ ഓണ്‍ലൈനാക്കുമെന്നും മന്ത്രി അറിയിച്ചു.
ദിവസം നോട്ടീസ് 25,000
ട്രാഫിക് നിയമലംഘനത്തിന് ഒരു ദിവസം ഇരുപത്തി അയ്യായിരത്തോളം നോട്ടീസ് നല്‍കും. ഇതിനായി കെല്‍ട്രോണിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും 235-ഓളം ജീവനക്കാരെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തില്‍ മൊബൈല്‍ സന്ദേശമായി നോട്ടീസ് ലഭിക്കില്ല. എന്നാല്‍, കേന്ദ്ര മോട്ടോര്‍വാഹന വെബ്സൈറ്റിലൂടെ അറിയാനാകും.
വി.ഐ.പി.ക്ക് ഇളവില്ല
മന്ത്രിമാര്‍ക്കുള്‍പ്പെടെ അടിയന്തര ഘട്ടത്തില്‍ കേന്ദ്രം അനുവദിക്കുന്ന ഇളവുമാത്രമേയുണ്ടാകൂവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വി.ഐ.പി.യെന്നോ അല്ലാത്തയാളെന്നോ ക്യാമറയ്ക്ക് വേര്‍തിരിവുണ്ടാകില്ല.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെട്ടവരുടെ വാഹനങ്ങള്‍ക്കും അടിയന്തര സേവന വാഹനങ്ങള്‍ക്കുമാണ് വേഗപരിധിയില്‍ ഇളവ്. ദുരന്തനിവാരണ പ്രവര്‍ത്തകര്‍ മേഖലയിലേക്ക് സഞ്ചരിക്കുമ്പോള്‍ വേഗത്തില്‍ ഇളവുണ്ട്. ആംബുലന്‍സ്, അഗ്‌നിരക്ഷാ സേന, പോലീസ് തുടങ്ങിയ എമര്‍ജന്‍സി വാഹനങ്ങള്‍ക്കും ഇളവുണ്ട്.
പിഴ ഇങ്ങനെ
- ഹെല്‍മെറ്റില്ലെങ്കില്‍ 500
- മൊബൈല്‍ ഉപയോഗിച്ചാല്‍ 2000
- സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 500
- ചുവന്ന സിഗ്‌നല്‍ മുറിച്ചു കടന്നാല്‍ 1000
- ഇരുചക്ര വാഹനത്തില്‍ മൂന്നുപേര്‍ യാത്ര ചെയ്താല്‍ 1000
- നോ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്താല്‍ 250
- അതിവേഗം 1500
Content Highlights: Motor vehicle department installed AI camera will be operational from 8 am on Monday


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..