ഗതാഗതനിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയുന്ന ക്യാമറകള്‍ വഴിനീളെ സ്ഥാപിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ആരംഭിച്ചു. മൊബൈല്‍ഫോണ്‍ ഉപയോഗം, ഹെല്‍മെറ്റ്- സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനാണ് 'ഒഫന്‍സ് ഡിറ്റക്ഷന്‍ ക്യാമറ' സ്ഥാപിക്കുന്നത്. കെല്‍ട്രോണുമായി ചേര്‍ന്നാണു നടപ്പാക്കുന്നത്. സൗരോര്‍ജത്തിലാകും ഇവയുടെ പ്രവര്‍ത്തനം. ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ അതിവേഗം പിടിക്കുന്നതിനാണ്.
ആദ്യഘട്ടത്തില്‍ ഒരോജില്ലയിലും 50 വീതം പുതിയ ക്യാമറകള്‍ ഉണ്ടാകും. ഫെബ്രുവരിയില്‍ പുതിയ സംവിധാനം നിലവില്‍വരും. ഓരോ ജില്ലയിലും ക്യാമറ സ്ഥാപിക്കുന്നതിനുള്ള സര്‍വേ പൂര്‍ത്തിയായി. താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് കണ്ടെത്തിയ സ്ഥലങ്ങളിലാണു ക്യാമറ വെക്കുക. ഇതിനുള്ള ഇടങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ കേന്ദ്രങ്ങള്‍ക്കാണ് ആദ്യപരിഗണന.
പ്രവര്‍ത്തനം നിര്‍മിതബുദ്ധി അധിഷ്ഠിതമാക്കി
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ നിര്‍മിതബുദ്ധിയിലൂടെയാണു വിവരങ്ങള്‍ ശേഖരിക്കുക. ക്യാമറയുടെ പരിധിയിലേക്കു വാഹനം വരുന്നതോടെ നമ്പര്‍പ്ലേറ്റിന്റെ ചിത്രം പതിയും. 20 മീറ്റര്‍ അടുത്തെത്തുമ്പോള്‍ വാഹനമോടിക്കുന്നയാളെയും കാണാന്‍കഴിയും. നിയമലംഘനം കണ്ടെത്തിയാല്‍ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റിന്റെ കണ്‍ട്രോള്‍ റൂമിലേക്കു കൈമാറും. ആര്‍.സി. ബുക്കുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നമ്പരിലേക്ക് എസ്.എം.എസ്. സന്ദേശം കൈമാറും. കണ്‍ട്രോള്‍ റൂമില്‍നിന്ന് നിയമലംഘനം കാണിച്ച് നോട്ടീസയക്കും.
പ്രാരംഭനടപടികള്‍ പൂര്‍ത്തിയായി
പ്രാരംഭനടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. അപകടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒരുപരിധിയോളം കുറയ്ക്കാന്‍ കഴിയുമെന്നാണു കരുതുന്നത്.
- വേണുഗോപാലന്‍ പോറ്റി, ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്മെന്റ്
Content Highlights: Motor Vehicle Department Install Surveillance Cameras To Caught Traffic Rule Violations