വഴിയില്‍ വാഹനപരിശോധനയില്ല എന്ന് കരുതി ഗതാഗത നിയമങ്ങള്‍ ലംഘിക്കാന്‍ നോക്കേണ്ട. നിങ്ങള്‍ ക്യാമറയില്‍ കുടുങ്ങും. ഗതാഗത നിയമലംഘനം പിടികൂടുന്ന നിര്‍മിത ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്.
എല്ലാ നിയമലംഘനങ്ങളും കണ്ടെത്താന്‍ പ്രാപ്തിയുള്ളതാണ് ഈ ക്യാമറകള്‍. നിലവിലുള്ള ക്യാമറകളില്‍ അമിതവേഗം മാത്രമാണ് പിടിക്കുന്നത്. ഇത്തരം 50 ക്യാമറകളാണ് ജില്ലയില്‍ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ഇത്തരം ക്യാമറകള്‍ സ്ഥാപിക്കുന്നതും ജില്ലയിലാകും.
ക്യാമറ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള സര്‍വേ ജില്ലയില്‍ കെല്‍ട്രോണിന്റെ സഹായത്തോടെ നടത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര, ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേര്‍ യാത്രചെയ്യുക ഇവയെല്ലാം ക്യാമറകള്‍ പിടികൂടും.
ആദ്യഘട്ടത്തില്‍ പാലായില്‍ 10, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ എട്ടുവീതം സ്ഥലങ്ങളിലും ക്യാമറ സ്ഥാപിക്കും. 25- 30 മീറ്റര്‍ ദൂരം നേരായ റോഡ് ഉള്ള സ്ഥലങ്ങള്‍, അപകട സാധ്യത കൂടിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാകും പ്രധാനമായും ക്യാമറ സ്ഥാപിക്കുക.
നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നടക്കുന്നുണ്ടെങ്കിലും പകല്‍ മാത്രമാണത് ഉണ്ടാവുക. എന്നാല്‍, പുതിയ ക്യാമറ വരുന്നതോടെ രാത്രിയിലെ നിയമലംഘനങ്ങള്‍ക്കും അറുതിയാകുമെന്നു മോട്ടോര്‍ വാഹന വകുപ്പ് കരുതുന്നു.
Content Highlights; Motor Vehicle Department Install Artificial Intelligence Camera To Prevent Traffic Rule Violations