നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി പൊതു-സ്വകാര്യ വാഹനങ്ങളില്‍ അനുമതിയില്ലാതെ പരസ്യം പതിക്കുന്നതിന് തടയിട്ട് മോട്ടോര്‍വാഹനവകുപ്പ്. തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങള്‍ നിരത്തിലിറക്കണമെങ്കില്‍ മോട്ടോര്‍വാഹനവകുപ്പിന് നിശ്ചിതതുക ഫീസായി നല്‍കണം. 

അല്ലാത്ത വാഹന ഉടമകളില്‍നിന്ന് പരസ്യത്തിന്റെ ഫീസിനൊപ്പം നിശ്ചിതതുക പിഴയായി ഈടാക്കും. സ്വകാര്യവാഹനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പതിക്കരുതെന്നും മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശിക്കുന്നു. ലംഘിച്ചാല്‍ ഇവരില്‍നിന്ന് പിഴയീടാക്കും. 

പരസ്യം പതിക്കാന്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും പിഴയുണ്ട്. പൊതുവാഹനങ്ങളില്‍ പരസ്യംപതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരമാണ് ഫീസടക്കേണ്ടത്. 100 ചതുരശ്ര സെന്റിമീറ്റര്‍ പരസ്യം ഒരുമാസത്തേക്ക് പതിപ്പിക്കുന്നതിന് അഞ്ചുരൂപയാണ് മോട്ടോര്‍വാഹനവകുപ്പ് ഈടാക്കുന്നത്. പരസ്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയുംവേണം. 

നിരവധി ഓട്ടോറിക്ഷകളും മറ്റും ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പരസ്യവാചകങ്ങള്‍ അനുമതിയില്ലാതെ വാഹനങ്ങളില്‍ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍വാഹനവകുപ്പ് ഈ തീരുമാനമെടുത്തത്. അനുമതിയില്ലാതെ പരസ്യംപതിച്ച വാഹനയുടമകളില്‍നിന്ന് വൈകാതെ പിഴയീടാക്കിത്തുടങ്ങും.

Content Highlights: Motor Vehicle Department Impose Fees For Election Advertisements in Vehicles