കേരളത്തില്‍ നികുതി അടയ്ക്കാതെയും മോടിപിടിപ്പിച്ചും നിരത്തിലിറക്കിയ മിനി കൂപ്പറിന് 4,89,000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. മിനി കൂപ്പര്‍ എസ് എന്ന റേസിങ് കാറാണ് വാഹന പരിശോധനയില്‍ കുടുങ്ങിയത്. 

കഴിഞ്ഞ മാസം കലൂരില്‍ വെച്ചാണ് സംഭവം നടക്കുന്നത്. അമിതവേഗത്തില്‍ എത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. പിന്നീട് ശബ്ദം കൂട്ടുന്നതിനായി സൈലന്‍സര്‍ മാറ്റിവെച്ചത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെടുകയായിരുന്നു. 

ഇവയ്ക്ക് പുറമെ, ഈ വാഹനം ജാര്‍ഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും ഇതിന് കേരളത്തില്‍ ഓടുന്നതിനുള്ള നികുതി അടച്ചിട്ടില്ലെന്നും പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു. 

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എല്‍ദോസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടികൂടിയത്. തുടര്‍ന്ന് രൂപമാറ്റം വരുത്തിയതിനുള്ള പിഴയും നികുതിയും ഉള്‍പ്പെടെയാണ് 4,89,000 രൂപ അടയ്ക്കാന്‍ നിര്‍ദേശിച്ചത്. 35 ലക്ഷം രൂപയാണ് കാറിന്റെ വില.

മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയതിനെ തുടര്‍ന്ന് വാഹനം കലൂര്‍ മെട്രോ പാര്‍ക്കിംഗില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന്  ബുധനാഴ്ച വാഹന ഉടമ ആര്‍.ടി .ഒ ജോജി പി ജോസിന്റെ മുന്നില്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കുകയും പിഴ അടയ്ക്കുകയുമായിരുന്നു.

വാഹനങ്ങളുടെ രൂപമാറ്റം വരുത്തുന്നത് കുറ്റകരമാണെന്ന് അടുത്തിടെ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. അതേതുടര്‍ന്ന് ഇത്തരം വാഹനങ്ങള്‍ക്ക് ശക്തമായ നടപടിയാണ് മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിക്കുന്നത്.

Content Highlights: Motor Vehicle Department Impose 4.89 Lakh Fine For Modified Mini Cooper