സിംബാബ്വേയ്ക്ക് കയറ്റിയയച്ച ലോറിക്കും സംസ്ഥാനത്ത് രജിസ്ട്രേഷന് കിട്ടി. ലോറി കടല്‍കടന്ന് ഒമ്പതുമാസത്തിനു ശേഷമാണ് മോട്ടോര്‍വാഹന വകുപ്പ് രജിസ്ട്രേഷനും റോഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും അനുവദിച്ചത്. താത്കാലിക പെര്‍മിറ്റ് എടുത്തിട്ടുള്ള ബി.എസ്.4 വാഹനങ്ങള്‍ക്കെല്ലാം രജിസ്ട്രേഷന് അനുവദിച്ച കൂട്ടത്തിലാണ് കടല്‍കടന്ന ലോറിക്കും സ്ഥിരം രജിസ്ട്രേഷന് കിട്ടിയത്. തമിഴ്നാട്ടിലെ എണ്ണൂര്‍ തുറമുഖത്തുനിന്ന് 2019 ജൂണിലാണ് ലോറി കപ്പലില്‍ കയറ്റിയയച്ചത്.
ഇതിനുമുമ്പ് ഈ ലോറിക്ക് താത്കാലിക രജിസ്ട്രേഷന് നല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല. ഇതൊന്നുമറിയാതെ മോട്ടോര്‍വാഹനവകുപ്പ് രജിസ്ട്രേഷന് നല്‍കുകയായിരുന്നു. അമളി പിണഞ്ഞതിനെത്തുടര്‍ന്ന് രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അതിര്‍ത്തികടന്നതും നാശോന്മുഖമായതുമായ എത്ര വാഹനങ്ങള്‍ രജിസ്ട്രേഷന് നേടിയിട്ടുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
മാര്‍ച്ച് 31നുശേഷം ബി.എസ്.4 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. താത്കാലിക രജിസ്ട്രേഷന് എടുത്തിട്ടുള്ള വാഹനങ്ങള്‍ക്കെല്ലാം പരിശോധന കൂടാതെ രജിസ്ട്രേഷന് അനുവദിക്കുകയായിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വാഹനപരിശോധന ഒഴിവാക്കിയത്.
ഡീലര്‍ കബളിപ്പിച്ചുവെന്നാരോപിച്ച് കോടതിയെ സമീപിച്ചയാളിന്റെ പേരിലും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ വാഹനം കൈപ്പറ്റിയിരുന്നില്ല. ഈ തര്‍ക്കം നടക്കവേയാണ് മോട്ടോര്‍വാഹന വകുപ്പ്, ഉടമയുടെ പേരില്‍ വാഹനത്തിന് സ്ഥിരരജിസ്ട്രേഷന് നല്‍കിയത്. പരിശോധന ഒഴിവാക്കിയതാണ് ക്രമക്കേടിന് ഇടയാക്കിയതെന്ന് ആരോപണമുണ്ട്.
താത്കാലിക രജിസ്ട്രേഷന് എടുത്തശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ഥിരരജിസ്ട്രേഷനു വരാത്തതായി ഓരോ ഓഫീസിലും 150ലധികം വാഹനങ്ങളുണ്ടായിരുന്നു. ഇവയ്ക്കെല്ലാം രജിസ്ട്രേഷന് അനുവദിച്ചെങ്കിലും നടപടി അന്തിമമല്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
Content Highlights: Motor Vehicle Department Give Registration Exported Vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..