നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി അന്തരീക്ഷ, ശബ്ദ മലിനീകരണമുണ്ടാക്കിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. അമ്പലപ്പുഴ സ്വദേശിയായ അജേഷിന്റെ കാറാണ് ആര്‍.ടി.ഒ. പി.ആര്‍. സുരേഷിന്റെ നിര്‍ദേശപ്രകാരം പിടികൂടിയത്. സൈലന്‍സര്‍ മാറ്റിയശേഷം മറ്റൊരു കമ്പനിയുടെ സൈലന്‍സര്‍ ഘടിപ്പിച്ചതോടെ ആളുകളെ ഭയപ്പെടുത്തുന്ന ശബ്ദമായിരുന്നു കാറോടുമ്പോള്‍ ഉണ്ടായിരുന്നത്.

ചക്രങ്ങളുടെ വീല്‍ ബെയ്സ് ഇളക്കി മാറ്റി പകരം ഘടിപ്പിച്ചു. വാഹനം അടിമുടി രൂപമാറ്റംവരുത്തി. നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് യുവാവിന്റെ വീട്ടിലെത്തിയാണ് കാര്‍ പിടിച്ചെടുത്തത്. വാഹനത്തില്‍നിന്ന് അന്തരീക്ഷ മലിനീകരണത്തിനു കാരണമായ രീതിയില്‍ അമിതമായി പുക പുറത്തേക്കു തള്ളുന്നുവെന്നും കണ്ടെത്തി. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു.

ഗ്ലാസുകളില്‍ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി കറുത്ത സ്റ്റിക്കറും ഒട്ടിച്ചിരുന്നു. 18,500 രൂപ യുവാവില്‍നിന്ന് പിഴയീടാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പത്തു ദിവസത്തിനുള്ളില്‍ കാര്‍ പഴയ രീതിയിലാക്കി മലിനീകരണനിയന്ത്രണ തരത്തിലാക്കണമെന്നും അല്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദു ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു.

കാര്‍ വര്‍ക്ഷോപ്പിലേക്കു മാറ്റിയതായും അവര്‍ അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ശരണ്‍കുമാര്‍, അനു കെ. ചന്ദ്രന്‍, മുജീബ് റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ പിടികൂടിയത്.

Content Highlights: Motor Vehicle Department Give Penalty To Modified Luxury Car