ഡ്രൈവിങ് സംബന്ധമായ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പുതുവര്‍ഷ സമ്മാനം. ഇതോടെ ഡ്രൈവിങ് ടെസ്റ്റൊഴികെയുള്ള ലൈസന്‍സ് സംബന്ധമായ സേവനങ്ങളെല്ലാം ഓണ്‍ലൈനായി. ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് എന്നിവക്കെല്ലാം ഓണ്‍ലൈന്‍ അപേക്ഷ മതിയാകും. അസല്‍രേഖകള്‍ തപാലില്‍ ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍-സാരഥി സോഫ്റ്റ്‌വെയര്‍ സഹായത്തോടെയാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, നികുതി അടയ്ക്കല്‍, പൊതുവാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കല്‍, ഫിറ്റ്നസ് അപേക്ഷ എന്നിവയെല്ലാം നിലവില്‍ ഓണ്‍ലൈനാണ്. ഇതിന് പുറമേയാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനിലാക്കിയത്.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ സ്മാര്‍ട്ട് കാര്‍ഡില്‍ നല്‍കാനുള്ള ക്രമീകരണം രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വാഹന പുക പരിശോധനാകേന്ദ്രങ്ങളും പൂര്‍ണമായി ഓണ്‍ലൈനാകും. പ്രവാസികള്‍ക്ക് വിദേശത്ത് നിന്നുതന്നെ ലൈസന്‍സ് പുതുക്കാം. 

ഇന്റര്‍നാഷല്‍ ഡ്രൈവിങ് പെര്‍മിറ്റും ഓണ്‍ലൈനില്‍ ലഭിക്കും. ചെക്പോസ്റ്റുകള്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. രേഖകളിലെ ഇരട്ടിക്കല്‍ കാരണം കരിമ്പട്ടികയില്‍പെട്ട ഡ്രൈവിങ് ലൈസന്‍സുകളിലെ തടസ്സം മാറ്റാനും ഓണ്‍ലൈന്‍ അപേക്ഷ മതിയാകും. ഇതിന് ഓഫീസ് വിലാസത്തില്‍ ഇ-മെയില്‍ ചെയ്താല്‍ മതി.

കവറും സ്റ്റാമ്പും ഇനി വേണ്ട. രേഖകള്‍ തിരികെ അയച്ച് കിട്ടാന്‍ ഇനി മേല്‍വിലാസം എഴുതിയ കവറും സ്റ്റാമ്പും നല്‍കേണ്ടതില്ല. തപാല്‍ ചെലവും ഓണ്‍ലൈന്‍ ഫീസിനൊപ്പം വാങ്ങും. കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വിസ, നിര്‍ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. രേഖകള്‍ അപ്ലോഡ് ചെയ്ത് ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കണം. നേരിട്ട് ഹാജരാകേണ്ട.

വിദേശത്തുനിന്നും ഓണ്‍ലൈനില്‍ പുതുക്കാം

ഇന്ത്യന്‍ ഡോക്ടര്‍മാരോ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അംഗീകരിച്ച ഡോക്ടര്‍മാരോ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് പുതുക്കല്‍ അപേക്ഷ നല്‍കാം. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം. ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും അംഗീകരിക്കും. പുതുക്കുന്ന ലൈസന്‍സ് പെര്‍മിറ്റ് സ്വീകരിക്കാന്‍ നാട്ടിലെ ബന്ധുവിനെയോ സുഹൃത്തിനെയോ ചുമതലപ്പെടുത്തി സത്യവാങ്മൂലവും നല്‍കാം.

Content Highlights: Motor Vehicle Department Give More Services In Online