കാക്കനാട്: അനധികൃതമായി ചരക്ക് കടത്തിയ 42 അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചു. പൂക്കള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, തുണികള്‍ തുടങ്ങിയവയാണ് ബസുകളില്‍ കടത്തിയിരുന്നത്. എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസ്, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. കെ. മനോജ് കുമാര്‍ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചരക്ക് കടത്തിയ ബസുകള്‍ കുടുങ്ങിയത്. പിഴയായി 1.35 ലക്ഷം രൂപ വാഹനങ്ങളില്‍ നിന്ന് ഈടാക്കി.

കേരള റോഡ് നികുതി അടയ്ക്കാതെ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തില്‍ നിന്ന് 1.83 ലക്ഷം രൂപയും നികുതി അടയ്ക്കാതെ ഓടിയ കാരവനില്‍ നിന്ന് 80,000 രൂപയും ഈടാക്കി.

വിഷു, ഈസ്റ്റര്‍ പോലെയുള്ള അവധി വരുന്ന സീസണുകളില്‍ യാത്രക്കാരില്‍ നിന്നും നിലവിലുള്ള ചാര്‍ജിന്റെ മൂന്നിരട്ടി വരെ ഈടാക്കുന്നതായുള്ള ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. പറഞ്ഞു. എറണാകുളം ജോയിന്റ് ആര്‍.ടി.ഒ. ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും പങ്കെടുത്തു. 

Content Highlights; Motor Vehicle Department, Traffic Rule Violations