പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി വാഹന ഉടമകളില്‍നിന്ന് പിഴയീടാക്കുന്നുവെന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളും ചിത്രങ്ങളുമാണ് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. 50,000 രൂപ വരെ പിഴ കിട്ടിയതായി ചിലര്‍ പറയുന്ന സന്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇ-ചെലാന്‍ സംവിധാനം വന്നതോടെ പിഴയീടാക്കല്‍ കൂടുതല്‍ കാര്യക്ഷമമായെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. ജൂണ്‍ 12-നാണ് ഇ-ചെലാന്‍ സംവിധാനം ആരംഭിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നത്
- വ്യാപകമായി പിഴ അടപ്പിക്കുന്നു.
- പിഴയീടാക്കിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് 30 ശതമാനം കമ്മിഷന്‍ കിട്ടും.
- ഒന്നര മാസത്തേക്കുള്ള ടാര്‍ജറ്റ് തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തൊട്ടതിനും പിടിച്ചതിനും പിഴ ഈടാക്കുന്നു.
- അലോയ് വീല്‍ പിടിപ്പിച്ചാല്‍ 20,000 രൂപ പിഴ.
- 'എക്‌സ്ട്രാ ഫിറ്റിങ്' പിടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുകയാണെങ്കില്‍ അക്‌സസറീസ് വില്‍ക്കുന്ന കടകള്‍ക്കെതിരേ നടപടി എടുക്കാത്തതെന്ത്...?
- ആരോപണങ്ങളൊന്നും വസ്തുതകളല്ല.
- ടാര്‍ജറ്റ് ഇടല്‍ നേരത്തെ തുടങ്ങിയ കാര്യമാണ്. ഇ-ചെലാന്‍ വന്നതോടെ നിയമം നടപ്പാക്കല്‍ കാര്യക്ഷമമായി.
വാഹനങ്ങളില്‍ നിയമപരമായി പരിഷ്‌കാരം (മോഡിഫിക്കേഷന്‍) നടത്താം. ഇതിന് മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷിക്കണം. അംഗീകരിക്കാവുന്നതാണെങ്കില്‍ മോഡിഫിക്കേഷന്‍ അനുവദിക്കും. വാഹനം പരിശോധിച്ച് ഇതുപ്രകാരം ആര്‍.സി. ബുക്കില്‍ ഇത് ചേര്‍ത്തുനല്‍കും.
സ്വകാര്യ വാഹനങ്ങളില്‍സ്റ്റിക്കര്‍ പതിക്കാനാവില്ല
ആംബുലന്‍സ്, പോലീസ് തുടങ്ങിയവയുടെ വാഹനങ്ങള്‍ തിരിച്ചറിയാനായി സ്റ്റിക്കര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് നിയമപരമാണ്. സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്ക് സ്റ്റിക്കറുകള്‍ പതിക്കാം. എന്നാല്‍, വാഹനത്തിന്റെ ഉടമയോ അല്ലെങ്കില്‍ വാഹനം ഓടിക്കുന്നയാളോ പ്രൊഫഷണല്‍ ആയിരിക്കണം.
നടക്കുന്നത് തെറ്റായ പ്രചാരണം
അലോയ് വീല്‍ ഘടിപ്പിച്ചാല്‍ പിഴ ഈടാക്കും എന്ന പ്രചാരണം തെറ്റാണെന്ന് കാര്‍ അക്‌സസറീസ് ഡീലേഴ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാഫി പറഞ്ഞു. വ്യാജ പ്രചാരണങ്ങളുടെ ഫലമായി ആളുകള്‍ അലോയ് വീല്‍ പിടിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ആശങ്ക ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ അറിയിച്ചു. ഇത്തരം നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
അലോയ് വീലിന് നിരോധനമില്ല
അലോയ് വീല്‍ പിടിപ്പിച്ചാല്‍ നടപടിയെടുക്കുമെന്നത് തെറ്റായ കാര്യമാണ്. വാഹനത്തിന്റെ ടയര്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന സാഹചര്യത്തിലാണ് പിഴയീടാക്കാറെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ റെജി പി. വര്‍ഗീസ് പറഞ്ഞു. പിഴ ഈടാക്കുന്നതിന് ടാര്‍ജറ്റ് നല്‍കിയിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
Content Highlights: Motor Vehicle Department Explanations On Social Media Campaign Against MVD
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..