ണ്‍ലൈന്‍ സംവിധാനത്തിലെ സുരക്ഷാവീഴ്ചകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന ആരംഭിച്ച നിസ്സഹകരണ സമരം ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചു. ഇതോടെ, ഓണ്‍ലൈന്‍ സേവനങ്ങളിലെ തടസ്സം മാറി. ഓഫീസുകള്‍ തുറന്നില്ലെങ്കിലും ഉദ്യോഗസ്ഥര്‍ വീടുകളിലിരുന്ന് അപേക്ഷകള്‍ തീര്‍പ്പാക്കും. 

കോവിഡ് ഡ്യൂട്ടിയിലില്ലാത്ത ഉദ്യോഗസ്ഥരോട് വീട്ടില്‍നിന്ന് ഓണ്‍ലൈനില്‍ ജോലിചെയ്യാന്‍ നിര്‍ദേശം നല്‍കി. അപേക്ഷന്‍ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങളെല്ലാം കിട്ടും. ലൈസന്‍സ് അച്ചടിച്ച് നല്‍കാനാകില്ല. എന്നാല്‍, ഡിജിറ്റല്‍ പകര്‍പ്പ് ലഭിക്കും. ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് പെര്‍മിറ്റിനും അപേക്ഷിക്കാം. 

വാഹനങ്ങളുടെ നികുതി ഓണ്‍ലൈനില്‍ അടയ്ക്കാം. വാഹനങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട് പരിശോധന വേണ്ടാത്ത സേവനങ്ങളെല്ലാം ഓണ്‍ലൈനില്‍ കിട്ടും. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും തടസ്സപ്പെടില്ല. ഷോറൂമുകള്‍ തുറക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പുതിയ വാഹനങ്ങള്‍ ഇറക്കാന്‍ പരിമിതിയുണ്ട്. 

എന്നാല്‍, ഓണ്‍ലൈന്‍ അപേക്ഷകളില്‍ തീര്‍പ്പാക്കും. ലേണേഴ്സ് ലൈസന്‍സും ലഭിക്കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കണമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്റ്റര്‍ ചെയ്യുന്നത് ക്രമക്കേടിനിടയാക്കുമെന്നാണ് പരാതി.

Content Highlights; Motor Vehicle Department Ensure The Online Services