പ്രതീകാത്മക ചിത്രം
സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളുടെയും സമയപ്പട്ടിക മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റൈസ് ചെയ്യുന്നു. ഇതിനുള്ള നടപടികള്‍ അടുത്തമാസം തുടങ്ങും. സി.ഡിറ്റിന്റെ സഹായത്തോടെയാണ് സമയപ്പട്ടിക ഡിജിറ്റൈസ് ചെയ്യുന്നത്. സംസ്ഥാനത്താകെ 14,000 സ്വകാര്യ ബസുകളാണുള്ളത്.
ബസുകള്‍ക്ക് പുതിയ പെര്‍മിറ്റ് അനുവദിക്കുമ്പോഴാണ് ഡിജിറ്റൈസ് ചെയ്യുന്നതിന്റെ പ്രയോജനം. ചില റൂട്ടുകളില്‍ ഒന്നോ രണ്ടോ മിനുട്ടിന്റെ വ്യത്യാസത്തില്‍ വരെ ചില നേരങ്ങളില്‍ ബസ് സര്‍വീസുകളുണ്ട്. അതുകൊണ്ടുതന്നെ പുതിയ പെര്‍മിറ്റ് അനുവദിക്കുന്നതും സമയപ്പട്ടിക പുനഃക്രമീകരിക്കുന്നതും പ്രയാസകരമാണ്.
ഡിജിറ്റൈസ് ചെയ്യുന്നതോടെ ഏതൊക്കെ സമയത്ത് പുതിയ പെര്‍മിറ്റ് അനുവദിക്കാനാകുമെന്ന് എളുപ്പത്തില്‍ കണ്ടെത്താനാകും. സമയപ്പട്ടികയെ ജി.പി.എസ്. സംവിധാനവുമായി ബന്ധിപ്പിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് പൂര്‍ണമായി മാറുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ നടപടി.
സമയപ്പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണോയെന്ന കാര്യത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടതെന്ന് ജോ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.
ജി.പി.എസ്. അടുത്തമാസം മുതല്‍
സ്വകാര്യ ബസുകള്‍ക്ക് ജനുവരി മുതല്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നിര്‍ബന്ധമാക്കി. പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതും ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നതുമായ വാഹനങ്ങളിലാണ് ജി.പി.എസ്. ഘടിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ജി.പി.എസ്. ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. ഇതോടെ സ്വകാര്യ ബസുകളുടെ യാത്രാവിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന് ലഭിക്കും.
വേഗപ്പൂട്ട് വിച്ഛേദിച്ചാലും ജി.പി.എസ്. വേര്‍പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കും. റൂട്ട് റദ്ദാക്കുന്നതും സമയക്രമം പാലിക്കാത്തതും അമിതവേഗവും റോഡിലിറങ്ങാതെ ഓഫീസിലിരുന്നുതന്നെ ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനാകും. കോവിഡായതിനാല്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിനുള്ള ഇളവ് ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു.
Content Highlights; Motor Vehicle Department Digitalis Private Bus Time Schedule
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..