റോഡപകടങ്ങള്‍ കുറയ്ക്കാനായി മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയ സേഫ് സോണ്‍ കേരള പദ്ധതിയിലേക്ക് ഹോംഗാര്‍ഡുകളുടെ സേവനവും ആവശ്യപ്പെട്ട് വകുപ്പ്. സേഫ് സോണ്‍ കേരള പദ്ധതിയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തോടൊപ്പം ഹോംഗാര്‍ഡുമാരേക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് വകുപ്പ് സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ മാത്രമേ നിലവില്‍ ജോലിചെയ്യുന്നുള്ളൂ. വാഹനം ഓടിക്കുന്നത് മുതല്‍ പരിശോധനയും തുടര്‍നടപടികളും സ്വീകരിക്കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ഉള്ളവരാണ്. കേസെടുക്കുന്ന വാഹനങ്ങള്‍ക്ക് നോട്ടീസ് നടപടികള്‍ നടപ്പാക്കാനും പരിശോധനയില്‍ സഹായിക്കാനുമാണ് ഹോംഗാര്‍ഡുകളുടെ സേവനം വകുപ്പ് തേടിയിരിക്കുന്നത്. 

ശബരിമല തീര്‍ഥാടന കാലത്ത് റോഡപകടങ്ങള്‍ കുറയ്ക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട-പമ്പ റൂട്ടില്‍ സേഫ് സോണ്‍ പദ്ധതി മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിയിരുന്നു. ഇത് വിജയകരമായിരുന്നു. ഇതാണ് 2019-ല്‍ സംസ്ഥാന തലത്തില്‍ സേഫ് സോണ്‍ കേരള പദ്ധതിയായി വ്യാപിപ്പിച്ചത്-2020-21 കാലഘട്ടങ്ങളില്‍ 2019-മായി താരതമ്യം ചെയ്യുമ്പോള്‍ അപകട മരണ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞതായാണ് വിലയിരുത്തുന്നത്.

വാഹന അപകട മരണനിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനവും. അപകട നിരക്ക് 28 ശതമാനവും കുറഞ്ഞതായാണ് സൂചന. 2024 മാര്‍ച്ച് വരെ സേഫ് സോണ്‍ കേരളയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് രൂപരേഖയായിട്ടുണ്ട്. വാഹന അപകട നിരക്ക് പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 285 ഉദ്യോഗസ്ഥരാണ് മോട്ടോര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കായി 66 ഇലക്ട്രിക് വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. 

ആധുനിക സംവിധാനത്തോടുകൂടിയ 17 ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളാണ് സേഫ് സോണ്‍ കേരളയ്ക്ക് വേണ്ടി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പില്‍ സന്ദേശങ്ങള്‍ കാര്യക്ഷമമാക്കാന്‍ വയര്‍ലസ് സംവിധാനവും ഉടന്‍ നടപ്പാക്കും. എറണാകുളം ജില്ലയില്‍ ആയിരിക്കും ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പാക്കുക. ഇതിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.

Content Highlights: Motor Vehicle Department Demands Home Guards To Their Force