
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ രാത്രിയില്‍ വ്യാപകമായി നിരത്തിലിറങ്ങാന്‍ തുടങ്ങിയതോടെ പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി സൂപ്പര്‍ ബൈക്കുകളാണ് പിടിയിലായത്.
മുന്നില്‍ നമ്പര്‍ പ്ലേറ്റുണ്ടെങ്കിലും പിന്നില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പായുന്ന സംഘങ്ങളാണ് ഏറെയും. പരാതി വ്യാപകമായതോടെയാണ് പരിശോധന ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചത്. നമ്പര്‍ പ്ലേറ്റുകള്‍ വികലമാക്കി വാഹനം നിരത്തിലിറക്കുന്നവരെയും ഇക്കൂട്ടത്തില്‍ പിടികൂടും. ചിലര്‍ മനഃപൂര്‍വം അക്കങ്ങള്‍ വ്യക്തമാകാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചു വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ടു കോടതിയിലേക്കു കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനൊപ്പം നമ്പര്‍ പ്ലേറ്റ് വികലമാക്കുന്നവര്‍ക്ക് 5000 രൂപ വരെ പിഴ ചുമത്തും.
മറ്റ് സംസ്ഥാനങ്ങളില്‍നിന്നുവരുന്ന ചരക്ക് ലോറികളില്‍ ചിലര്‍ നമ്പര്‍ പ്ലേറ്റുകള്‍ മനഃപൂര്‍വം മറയ്ക്കുന്നതായും ടിപ്പര്‍ ലോറികള്‍ നമ്പര്‍ പ്ലേറ്റുകളില്‍ മണ്ണും ചെളിയും പുരട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരേയും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..