മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നികുതി വെട്ടിച്ച് ഓടിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ്‌ ൈകയോടെ പിടികൂടി. 1.74 ലക്ഷം രൂപ പിഴയിട്ടു. കളമശ്ശേരി മെട്രോ യാര്‍ഡില്‍ നടത്തിയ പരിശോധനയിലാണ് പുള്ളറിന്റെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. 

ഗുജറാത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയ വാഹനം മെട്രോ പണികള്‍ക്കായി സ്വകാര്യ ഏജന്‍സി വാടകയ്ക്ക് ഓടാനാണ് എത്തിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസ്, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനീഷ്, നിബി എന്നിവര്‍ ചേര്‍ന്ന് വാഹനം പിടിച്ചു.

ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനം കേരളത്തില്‍ എത്തിയാല്‍ ലോഡ് ഇറക്കിയ ശേഷം തിരിച്ചുപോകണമെന്നാണ് ചട്ടം. കേരളത്തില്‍ മാത്രം ഇവ ഓടുന്നതിന് പ്രത്യേക ടാക്‌സ് അടയ്ക്കണം. ഈ നിയമങ്ങളൊന്നും പാലിക്കാതെ പുള്ളറും അതിനോടനുബന്ധിച്ചുള്ള ട്രെയിലറും മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ നികുതി വെട്ടിച്ച് ഓടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റോഡ് നികുതിയും പിഴയും ഉള്‍പ്പെടെ 1.74 ലക്ഷം രൂപ ഉടമ അടച്ചതിനെ തുടര്‍ന്ന് വണ്ടി വിട്ടുകൊടുത്തു. മാസങ്ങള്‍ക്കു മുന്‍പും നിര്‍മാണ മേഖലയില്‍ രജിസ്‌ട്രേഷനും ടാക്‌സുമില്ലാതെ ഓടിയ കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനം, റോഡ് റോളര്‍, ഫോര്‍ക്ക് ലിഫ്റ്റ് എന്നീ വാഹനങ്ങളും പിടികൂടിയിരുന്നു. കൊച്ചി എല്‍.എന്‍.ജി. ടെര്‍മിനല്‍, വല്ലാര്‍പാടം, മറൈന്‍ഡ്രൈവ് എന്നിവിടങ്ങളിലെ നിര്‍മാണ മേഖലയില്‍നിന്നാണ് ഈ വാഹനങ്ങള്‍ പിടികൂടിയത്.

സര്‍ക്കാരിന്റെ നിര്‍മാണ മേഖലയില്‍ ഓടാനാണെങ്കില്‍ വാഹനം രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ലെന്ന ഉപദേശമാണ് ചില വാഹന ഉടമകള്‍ക്ക് ലഭിച്ചിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്താല്‍ ടാക്‌സ് അടയ്ക്കണം, വര്‍ഷാവര്‍ഷം ഫിറ്റ്‌നസ് പുതുക്കണം ഇങ്ങനെയൊരുപാട് നടപടിക്രമങ്ങളുണ്ട്. 

അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യാതെ ഓടിയാല്‍ മതിയെന്നും ഇതുപോലെ പലര്‍ക്കും ചെയ്തിട്ടുണ്ടെന്നുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച റാക്കറ്റില്‍നിന്നു ലഭിച്ച വിവരമെന്ന് അധികൃതര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മറ്റു നിര്‍മാണ സൈറ്റുകളിലും പരിശോധന നടത്തുമെന്ന് എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസ് അറിയിച്ചു.

Content Highlights: Motor Vehicle Department Action Against Gujarat Registration Puller