നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി ബൈക്കുകളില്‍ പായുന്നവരെ പൂട്ടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസത്തെ വാഹന പരിശോധനയില്‍ നമ്പര്‍ പ്ലേറ്റ് നീക്കിയുള്ള രണ്ട് സൂപ്പര്‍ ബൈക്കുകള്‍ പിടികൂടി. മുന്നില്‍ നമ്പര്‍ പ്ലേറ്റുണ്ടെങ്കിലും പിന്നില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പായുന്ന സംഘങ്ങളാണ് ഏറെയും.
പരാതി വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് എറണാകുളം ആര്‍.ടി.ഒ ബാബു ജോണ്‍ പറഞ്ഞു. നമ്പര്‍ പ്ലേറ്റുകള്‍ വികലമാക്കി വാഹനം നിരത്തിലിറക്കുന്നവരെയും ഇക്കൂട്ടത്തില്‍ പിടികൂടും.
ചിലര്‍ മനഃപൂര്‍വം അക്കങ്ങള്‍ വ്യക്തമാകാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചുവെയ്ക്കുന്നതായും കണ്ടെത്തി. നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്ക് കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. ഇതിനൊപ്പം, നമ്പര്‍പ്ലേറ്റ് വികലമാക്കുന്നവര്‍ക്ക് 5,000 രൂപ വരെ പിഴ ചുമത്തും.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറികളും മറ്റുമായി വരുന്ന ലോറികളില്‍ ചിലത് പിന്നിലെ നമ്പര്‍ പ്ലേറ്റുകള്‍ മനഃപൂര്‍വം മറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ടിപ്പര്‍ ലോറികള്‍ നമ്പര്‍ പ്ലേറ്റുകളില്‍ മണ്ണും ചെളിയും പുരട്ടുന്നതായും കണ്ടെത്തി. ഇത്തരക്കാര്‍ക്കും 5,000 രൂപ വരെ പിഴ ചുമത്തും.
വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും നമ്പര്‍ പ്ലേറ്റുകള്‍ മാനദണ്ഡം അനുസരിച്ചു മാത്രമേ സ്ഥാപിക്കാവൂ എന്നും ആര്‍.ടി.ഒ. വ്യക്തമാക്കി.
Content Highlights: Motor Vehicle Department Action Against Fancy Number Plates In Vehicles