മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതി തടയാന്‍ ലക്ഷ്യമിടുന്ന 'വാഹന്‍ സാരഥി' സോഫ്റ്റ്വെയർ സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കാതിരിക്കാന്‍ നീക്കം. സോഫ്റ്റ്വെയറിലെ വാഹന്‍ ഒഴിവാക്കി സാരഥി മാത്രം നടപ്പാക്കാനാണ് ശ്രമം.
ഇതില്‍ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നുതന്നെ എതിര്‍പ്പുയരുന്നു. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതിനല്‍കി.
വാഹന രജിസ്ട്രേഷന് സേവനങ്ങളും (വാഹന്‍), ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകളും (സാരഥി) ഏകോപിപ്പിച്ച് രാജ്യത്താകെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണ് വാഹന്‍ സാരഥി. വാഹനയിടപാട് രംഗത്തും ലൈസന്‍സിങ് സംവിധാനത്തിലും അഴിമതി തടയാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.
രാജ്യത്തെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പുകള്‍ വാഹന്‍ സാരഥി സോഫ്റ്റ്വേറിലേക്ക് മാറി. കേരളത്തില്‍ ഇരുപതോളം ആര്.ടി.ഓഫീസുകളില്‍ സാരഥി മാത്രം നടപ്പാക്കി. മറ്റിടങ്ങളില്‍ ഈവര്‍ഷം നടപ്പാക്കുമെന്നാണ് പറയുന്നത്.
വാഹന്‍ സാരഥി പൂര്‍ണമായി നടപ്പായാല്‍ പൊതുജനങ്ങള്‍ക്ക് ഏജന്റുമാരുടെ സഹായമില്ലാതെ ഇതിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ സ്ഥിതി അറിയാനും സാധിക്കും. വാഹന്‍ നിലവില്‍വന്നാല്‍ പെര്‍മിറ്റുകള്‍ക്കടക്കം ആളുകള്‍ക്ക് ആര്.ടി. ഓഫീസുകളിലേക്ക് പോകേണ്ടിവരില്ല.
ഇവയെല്ലാം സ്വന്തം കംപ്യൂട്ടറില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. നിശ്ചിത സമയപരിധിയില്‍ ഏല്‍പ്പിക്കപ്പെട്ട ജോലിചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും. വാഹനം സംബന്ധിച്ച രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ലോക്കര്‍ സമ്പ്രദായത്തിന്റെ പ്രയോജനവും പൂര്‍ണമായി ലഭിക്കും.
'വാഹന്‍ സാരഥി' സോഫ്റ്റ്വേറിലേക്ക് മാറുമ്പോള്‍ നിരവധി ക്ലറിക്കല്‍, ഓഫീസ് സൂപ്പര്‍വൈസറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അധികമാവും. ഇവരെ മറ്റ് ജോലികളില്‍ നിയോഗിച്ച് നിലനിര്‍ത്താനും വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥരുടെ സംഘടന പറയുന്നു.
Content Highlights: Motor Vehicle Department, Vahan Project, Saradhi Project
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..