തിരുവനന്തപുരം: പെര്‍മിറ്റില്ലാതെ ഓടുന്ന അന്തസ്സംസ്ഥാന സ്വകാര്യബസുകള്‍ക്കെതിരേ മോട്ടോര്‍വാഹനവകുപ്പ് ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ 168 കേസുകളെടുത്തു. 6.13 ലക്ഷം രൂപ പിഴയീടാക്കി. 

148 ബസുകള്‍ സ്റ്റേജ്കാര്യേജായി ഓടുകയായിരുന്നു. കല്ലട ട്രാവല്‍സിന്റെ 15 ബസുകളും ഇതില്‍പ്പെടും. എല്‍.എ.പി.ടി. ലൈസന്‍സില്ലാത്ത ഒരു ടിക്കറ്റ് ബുക്കിങ് സ്ഥാപനത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പിഴയടയ്ക്കാന്‍ വിസമ്മതിക്കുന്ന ബസുകളുടെ പെര്‍മിറ്റ് പിടിച്ചെടുക്കുന്നത് അടക്കമുള്ള ശക്തമായ നടപടികളിലേക്ക് 

മോട്ടോര്‍വാഹനവകുപ്പ് കടന്നിട്ടുണ്ട്. കേരളത്തില്‍ പരിശോധന ശക്തമാക്കുന്നതിനിടെ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന മഹാവോയേജിന്റെ ഒരു ബസ് മഡിവാളയില്‍ കര്‍ണാടക മോട്ടോര്‍വാഹനവകുപ്പ് പിടികൂടി. കോട്ടയം-ബെംഗളൂരു പാതയിലോടുന്ന ബസാണ് രേഖകളില്ലെന്ന കാരണത്താല്‍ കസ്റ്റഡിയിലെടുത്തത്. രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് ബസ് പിന്നീട് വിട്ടയച്ചു. 

Content Highlights; Motor Vehicle department, Traffic Rule Violation