മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും അമിത നിരക്ക് ഈടാക്കുകയുംചെയ്ത 250 ഓട്ടോറിക്ഷകള്‍ പിടികൂടി. യാത്രക്കാരില്‍ നിന്നു ലഭിച്ച പരാതിയെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ നടത്തിയ മിന്നല്‍പ്പരിശോധനയിലാണ് ഓട്ടോറിക്ഷകള്‍ പിടിയിലായത്. 

വെള്ളിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ നഗരത്തിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് 1200 ഓട്ടോറിക്ഷകളെയാണ് പരിശോധിച്ചത്. ഇവയില്‍ 250 ഓട്ടോറിക്ഷളുടെ മീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ചിലര്‍ മീറ്ററില്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഈടാക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇവയില്‍ 250 പേരുടെ വാഹനങ്ങള്‍ക്ക് ആവശ്യമായ രേഖകളും ഉണ്ടായിരുന്നില്ലെന്ന് കണ്‍ട്രോള്‍ റൂം എ.സി. കെ.ആര്‍.ശിവസുധന്‍ പിള്ള പറഞ്ഞു. പിടികൂടിയ ഓട്ടോറിക്ഷകള്‍ക്ക് പിഴചുമത്തി വിട്ടയച്ചു. 

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ നിരത്തിലിറക്കുന്ന ഓട്ടോറിക്ഷകളെ കണ്ടുകെട്ടുമെന്ന് പോലീസ് അറിയിച്ചു. പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ സിറ്റിപോലീസും ട്രാഫിക് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

Content Highlights: Motor Vehicle Acton Against 250 Auto Rickshaw