താഗത നിയമലംഘനങ്ങളില്‍, നിയമത്തില്‍ നിര്‍ദേശിക്കുന്ന കുറഞ്ഞതുകയെക്കാള്‍ പിഴത്തുക താഴ്ത്താനാകുമോ എന്നു നിയമവകുപ്പ് പരിശോധിക്കും. 1000 മുതല്‍ 10,000 വരെ രൂപ ഈടാക്കാവുന്ന പിഴകളില്‍ കുറഞ്ഞനിരക്ക് സംസ്ഥാനത്തിനു നിശ്ചയിക്കാമെന്നാണ് കേന്ദ്ര നിയമഭേദഗതിയിലെ നിര്‍ദേശം. ഇക്കാര്യത്തില്‍ നിയമമന്ത്രിയുടെ അഭിപ്രായംകൂടി ആരാഞ്ഞശേഷമാകും അന്തിമ തീരുമാനം.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും അടക്കമുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ 1000 രൂപയില്‍നിന്ന് 500 ആക്കി കുറയ്ക്കാമെന്നു നിയമസെക്രട്ടറി യോഗത്തെ അറിയിച്ചു. ഇതിനു പിന്‍ബലമേകാന്‍ 2005-ലെ ജസ്റ്റിസ് അരിജിത് പാസായത്തിന്റെ സുപ്രീംകോടതി വിധിയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്ത പിഴ സംസ്ഥാനം ഏകപക്ഷീയമായി കുറയ്ക്കുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്ന ആശങ്കയുയര്‍ന്നതോടെ വീണ്ടും കേന്ദ്രത്തിന്റെ അഭിപ്രായം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഉത്തരവിറക്കിയിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാനം കത്തയച്ചെങ്കിലും മറുപടി കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രി പ്രത്യേകം യോഗം വിളിച്ചത്.

ഓണക്കാലത്ത് നിര്‍ത്തിവെച്ചിരുന്ന വാഹനപരിശോധന പുനരാരംഭിച്ചിട്ടുണ്ട്. പിഴ ചുമത്തുന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ പല നിയമലംഘനങ്ങളും കോടതിയിലേക്കു വിടുകയാണ്.

മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, എ.കെ. ബാലന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഗതാഗത കമ്മിഷണര്‍ ആര്‍. ശ്രീലേഖ, എ.ഡി.ജി.പി.മാരായ ഷേക് ദര്‍ബേഷ് സാഹിബ്, മനോജ് എബ്രഹാം തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

കുറയ്ക്കാന്‍ ധാരണയായവ

  • പൊതു വിഭാഗത്തില്‍ പെടുന്നവ (സെക്ഷന്‍ 177): നിയമത്തില്‍ ഒരിടത്തും പറയാത്ത പിഴകള്‍; വാഹനത്തിന്റെ പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരിക്കല്‍, ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കല്‍ തുടങ്ങിയവ (നിശ്ചയിച്ചിട്ടുള്ള പിഴ 500 രൂപ വരെ)
  • അധികൃതരുടെ ഉത്തരവ് പാലിക്കാതിരിക്കല്‍-സെക്ഷന്‍ 179 (1)- (2000 രൂപ വരെ)
  • അധികൃതര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമയത്തു നല്‍കാതിരിക്കല്‍- സെക്ഷന്‍ 179 (2)- (2000 രൂപ വരെ)
  • കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ബസില്‍ കണ്ടക്ടര്‍ജോലി ചെയ്താല്‍. സെക്ഷന്‍ 182 (2) - (10,000 രൂപ വരെ)
  • ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍. സെക്ഷന്‍ 184. നിലവില്‍ 1000 മുതല്‍ 5,000 രൂപ വരെ പിഴ ഈടാക്കാം. ഇതു മിനിമത്തിലും കുറയ്ക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുക.
  • മാനസികമായും ശാരീരികമായും മോശം അവസ്ഥയില്‍ വാഹനമോടിച്ചാല്‍. സെക്ഷന്‍-186 (1000 രൂപ വരെ).
  • വായു, ശബ്ദ മലിനീകരണമുണ്ടാക്കുന്ന തരത്തിലുള്ള വാഹനം ഉപയോഗിച്ചാല്‍. സെക്ഷന്‍ 190 (2)- (10,000 രൂപ വരെ)

സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കൊട്ടിയടച്ചു

സംസ്ഥാനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം കൊട്ടിയടച്ചതാണ് മോട്ടോര്‍വാഹന നിയമത്തോടുള്ള വിയോജിപ്പിനു കാരണം. സംസ്ഥാനസര്‍ക്കാരിന് മാറ്റംവരുത്താന്‍ അവകാശമില്ലാത്ത മേഖലകളിലാണ് സാധാരണക്കാരെ ഏറെ ബാധിക്കുന്ന വിഷയങ്ങളുള്ളത്. ഇതിലും ഇളവിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ്. ഇളവ് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കു കത്തയച്ചിട്ട് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും നിയമത്തിലെ പല വ്യവസ്ഥകളോടും വിയോജിപ്പുണ്ട്.

-എ.കെ. ശശീന്ദ്രന്‍, ഗതാഗതവകുപ്പു മന്ത്രി

Content Highlights: Motor Vehicle Act Amendment; State Try To Reduce The Penalties