കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച് കേന്ദ്രസര്‍ക്കാര്‍. മന്ത്രി എ.കെ. ശശീന്ദ്രന്‍ അയച്ച കത്തിന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അയച്ച മറുപടിയിലാണ് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ശരിയാണെന്നു വ്യക്തമാക്കിയത്.

കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഉയര്‍ന്ന പിഴത്തുക, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയില്‍ മേഖലയിലെ സ്വകാര്യവത്കരണം തുടങ്ങിയവയിലായിരുന്നു സംസ്ഥാനത്തിന്റെ വിയോജിപ്പ്.

ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ച് കേന്ദ്ര മോട്ടോര്‍വാഹന നിയമം പാസാക്കിയത് റോഡ് സുരക്ഷ പശ്ചാത്തലം പരിഗണിച്ചാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്നാല്‍, ഓരോ സംസ്ഥാനത്തെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് ഇളവുവരുത്തി കോമ്പൗണ്ടിങ് ഫീസ് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുംവിധമാണ് കേന്ദ്രനിയമത്തിന്റെ ഇരുന്നൂറാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്കുള്ള പിഴത്തുക നിശ്ചയിച്ചത്.

കേന്ദ്രനിയമത്തില്‍ നിശ്ചയിച്ച പിഴത്തുകയെക്കാള്‍ കുറഞ്ഞ തുക ഇരുന്നൂറാം വകുപ്പ് പ്രകാരം ഫീസായി നിശ്ചയിക്കുന്നത് തെറ്റാണെന്ന അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നേരത്തേ അയച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ കത്ത് പ്രകാരം പിഴത്തുകയെക്കാള്‍ കുറഞ്ഞനിരക്കില്‍ കോമ്പൗണ്ടിങ് ഫീസ് നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാനത്തിന്റെ നടപടി ശരിയാണെന്നു വ്യക്തമാക്കുന്നതാണ്.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതുക്കാമെന്ന വ്യവസ്ഥ മാര്‍ച്ച് 31 വരെ തുടരാമെന്നും കേന്ദ്രമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.

Content Highlights: Motor Vehicle Act Amendment, Penalties For Traffic Rule Violations