കോവിഡ്കാലം കഴിഞ്ഞ് ഓടിയാല്‍ നഷ്ടം വരുമെന്ന കണക്കുകൂട്ടലില്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ സര്‍വീസ് ഒഴിവാക്കാനുള്ള വഴികള്‍ തേടുന്നു. ബസിന്റെ ചെലവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഗതാഗതവകുപ്പിന്റെ അനുമതിയോടെ ബസുകള്‍ കയറ്റിയിടുന്നതിന് ഉടമകള്‍ അപേക്ഷകള്‍ നല്‍കിത്തുടങ്ങി. 

ഇതിനായി മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിക്കുള്ള ജി ഫോം പൂരിപ്പിച്ച് ഫീസ് അടച്ച് ഓഫീസിലെത്തിക്കുന്ന തിരക്കിലാണിവര്‍. അയ്യായിരത്തിനുമേല്‍ അപേക്ഷകള്‍ ഇങ്ങനെ നല്‍കിക്കഴിഞ്ഞു. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഓഫീസുകളുടെ മുന്നില്‍ വെച്ചിരിക്കുന്ന പെട്ടികളില്‍ അപേക്ഷയും പണമടച്ചതിന്റെ രേഖയും കൊണ്ടുവന്നിടുകയായിരുന്നു. പ്രവര്‍ത്തിച്ചുതുടങ്ങിയ ഓഫീസുകളിലും അപേക്ഷകള്‍ പ്രതിദിനം കിട്ടുന്നുണ്ട്.

സംസ്ഥാനത്ത് 12,000ഓളം സ്വകാര്യബസുകളാണുള്ളത്. ജി ഫോം നല്‍കി മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകള്‍ കയറ്റിയിടാം. ഒരിക്കല്‍ കയറ്റിയിട്ടുകഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. നഷ്ടം വരാതെ ബസ് സര്‍വീസ് നടത്താന്‍ പാകത്തില്‍ സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് കയറ്റിയിടുന്നത്. പാക്കേജ് പ്രഖ്യാപിച്ചാല്‍ ജി ഫോം പിന്‍വലിച്ച് സര്‍വീസ് നടത്താനാവും.

കോവിഡ്മൂലമുള്ള അടച്ചിടല്‍ കഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ശരാശരി 70 യാത്രക്കാരെ വരെ കൊണ്ടുപോയിക്കൊണ്ടിരുന്ന ബസുകള്‍ക്ക് അടച്ചിടല്‍ കഴിഞ്ഞാല്‍ അതിന് അനുവാദം ഉണ്ടാവാനുള്ള സാധ്യത കുറവാണ്. സര്‍ക്കാര്‍ വിശദമായ മാര്‍ഗരേഖകള്‍ ഇക്കാര്യത്തില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീറ്റ് ശേഷിയുടെ പകുതിപേരെ മാത്രമേ അനുവദിക്കാന്‍ സാധ്യതയുള്ളൂ. നിന്നുകൊണ്ടുള്ള യാത്രയ്ക്കും വിലക്ക് വന്നേക്കാം.

ഇത്തരം സാഹചര്യത്തില്‍ ബസ് ഓടിച്ചാല്‍ നഷ്ടം പെരുകാന്‍ മാത്രമേ ഇടയാക്കൂ എന്നാണ് ബസ്സുടമകള്‍ പറയുന്നത്. ക്ഷേമനിധിയില്‍നിന്ന് ബസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ക്ഷേമനിധിയില്‍ അംഗമല്ലാത്ത ജീവനക്കാരുടെ എണ്ണം കൂടുതലാണ്. അടച്ചിടല്‍ക്കാലത്തെ നികുതി (ഒരുമാസം) സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

Content Highlights: More Than 5000 Private Bus Owners Submit G Form To Stop Service