ഡൽഹി നഗരത്തിൽ ഫാസ്റ്റ് ടാഗ് കർശനമാക്കി.  ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ടാഗില്ലാതെ ഡല്‍ഹിയില്‍ പ്രവേശിച്ച 2600 വാണിജ്യ വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു.

രാജ്യത്താകമാനം ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിയിലും ഇത് നടപ്പാക്കിയത്. വെള്ളിയാഴ്ച മുതല്‍ ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടാഗ് ഇല്ലാതെയും റീചാര്‍ജ് ചെയ്ത ടാഗില്ലാതെയും 13 എന്‍ട്രി പോയന്റുകളിലൂടെ 2625 വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിച്ചത്. 

ടാഗില്ലാതെ നഗരത്തില്‍ പ്രവേശിച്ച വാണിജ്യ വാഹനങ്ങളില്‍നിന്ന് ടോളിന്റെ ഇരട്ടിതുക പിഴയായും എന്‍ഫോഴ്‌സ്‌മെന്റ് കോപന്‍സേഷന്‍ ചാര്‍ജും ഇടാക്കിയാണ് വിട്ടയച്ചത്. ഫാസ്റ്റ്ടാഗുള്ള മൂന്നുലക്ഷം വാഹനങ്ങളാണ് നഗരത്തിലുള്ളത്. എന്നാല്‍, ഇവര്‍ റീചാര്‍ജ് ചെയ്യുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഫാസ്റ്റ്ടാഗ് നിര്‍ബന്ധിമാക്കിയിട്ടും വെറും 14,654 വാഹനങ്ങള്‍ മാത്രമാണ് റീചാര്‍ജ് ചെയ്തിട്ടുള്ളത്. ഇതില്‍ 3223 വാണിജ്യവാഹനങ്ങളുമുണ്ട്. എന്നാല്‍, ചില വാഹനങ്ങള്‍ ഫ്രീ ലെയിനിലൂടെ നഗരത്തില്‍ പ്രവേശിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.