ലോക്ക്ഡൗണ്‍ മാറി, ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയാലും സമ്പൂര്‍ണ തകര്‍ച്ചയെ തുടര്‍ന്ന് ഉടനടിയൊന്നും നിരത്തിലിറക്കാനില്ലെന്ന് ബസ്സുടമകള്‍. ബസുകള്‍ സര്‍വീസ് നിര്‍ത്തി കയറ്റിയിടുന്നതിന്റെ മുന്നോടിയായി ജില്ലയില്‍ ഇതിനോടകം തന്നെ 2300ഓളം ബസുകളില്‍ 2000 ബസുകള്‍ ആര്‍.ടി.ഒ. അധികൃതര്‍ക്ക് 'ജി ഫോം' കൊടുത്തുകഴിഞ്ഞു.

ബസിന്റെ ചെലവുകള്‍ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഗതാഗത വകുപ്പിന്റെ അനുമതിയോടെ നടത്തുന്ന നീക്കമാണിത്. ബസ് ഓടിത്തുടങ്ങിയാലും കനത്ത നഷ്ടമായിരിക്കും ദിവസങ്ങളോളം സര്‍വീസുകളിലുണ്ടാവുകയെന്നത് മുന്നില്‍ക്കണ്ടാണിത്.

ജി ഫോം നല്‍കിയാല്‍ ബസുകള്‍ മൂന്നുമാസത്തേക്കോ ഒരുവര്‍ഷത്തേക്കോ കയറ്റിയിടാം. എപ്പോള്‍ വേണമെങ്കിലും ഉടമകള്‍ക്ക് ജി ഫോം പന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്.

നികുതി ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ സര്‍വീസ് നടത്താന്‍ തടസ്സമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ബി. സുനീര്‍ പറയുന്നു. നേരത്തെതന്നെ നൂറോളം ബസുകളുടെ സര്‍വീസുകള്‍ കുറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ എത്ര വണ്ടികള്‍ നിരത്തിലുണ്ടാകുമെന്നത് കണ്ടറിയണം.

പഴയതുപോലെ യാത്രക്കാരെ കയറ്റി ബസ് ഓടിക്കാന്‍ ഇനി അനുവാദം കിട്ടുമോയെന്നും സംശയമാണ്. നിന്നുകൊണ്ടുള്ള യാത്രയ്ക്കും വിലക്ക് വന്നേക്കാമെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. തൊഴിലാളികള്‍ക്ക് കൂലിയായി 2,700 രൂപ, ഇന്ധനമടിക്കാന്‍ 5,000 മുതല്‍ 9,000 രൂപ വരെ, ടയര്‍ റീസോളിങ് ചാര്‍ജ് തുടങ്ങിയ ഇനങ്ങളിലായി ഒരു ബസ് നിരത്തിലിറങ്ങണമെങ്കില്‍ ഒരു ദിവസം ചുരുങ്ങിയത് 10,000 രൂപയെങ്കിലും ചെലവാകുമെന്നാണ് ഉടമകള്‍ പറയുന്നത്.

 ടാക്‌സ്, ഇന്‍ഷുറന്‍സ്, വായ്പ തിരിച്ചടവ് എന്നിവയും കണ്ടെത്തണം. കോവിഡ്ഭീതി തുടങ്ങിയ കാലംമുതലേ ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങളോട് അകന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ബസുകള്‍ ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്നത് യന്ത്രഭാഗങ്ങളെ ബാധിക്കും. ബാറ്ററിയും കേടാകും.

ടയറുകള്‍ക്കും ഇതു ബാധകമാണ്. വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതൊന്നും പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കില്ല. ലോക്ക്ഡൗണ്‍കാലത്തെ നികുതി ഒരു മാസത്തേക്ക് മാത്രമാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് നീട്ടണം. ഇന്‍ഷുറന്‍സിനും ഇളവ് പ്രഖ്യാപിക്കണം. ഭീമമായ നഷ്ടം സഹിച്ച് ഇനിയും ബസുകള്‍ നിരത്തിലിറക്കാനാകില്ലെന്ന് ബസ് ഓപ്പററ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ബി. സുനീര്‍ വ്യക്തമാക്കുന്നു.

Content Highlights: More Than 2000 Private Buses Submit G-Form To Stop Service