ന്‍ജിനുകളില്‍ അനധികൃതമായി മാറ്റം വരുത്തി വേഗം കൂട്ടിയ ബൈക്കുകളും കാറുകളും റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പായുന്നു. ഇവയ്ക്കു പുറമേ മോട്ടോര്‍ സ്‌പോര്‍ട്ട് ഉദ്ദേശ്യത്തോടെ ഇറക്കുമതിചെയ്ത ബൈക്കുകളുമേറെ. നിരവധിപേരുടെ ജീവനെടുത്ത പരക്കംപാച്ചില്‍ ജനത്തെ പരിഭ്രാന്തരാക്കുകയാണ്.

വാഹനം അകലെയെന്ന് കരുതി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് സമീപം മിന്നല്‍വേഗത്തിലാണ് ഇത്തരം വാഹനങ്ങളെത്തുന്നത്. യാത്രക്കാര്‍ വിരണ്ടുപോകുന്നതും അപകടങ്ങള്‍ സംഭവിക്കുന്നതും പതിവ്. അതിവേഗത്തില്‍ പോകുന്ന ഇത്തരം വാഹനങ്ങളെ തടയാന്‍ ശ്രമിക്കുന്നതും പിന്തുടരുന്നതും അപകടത്തിന് കാരണമാകുമെന്നതിനാല്‍ ഇവയെ തടയരുതെന്നാണ് നിര്‍ദേശം. അതിനാല്‍ കണ്‍മുന്നില്‍ കണ്ടാലും പോലീസ് നിസ്സഹായരാണ്.

മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറക്കണ്ണുകളില്‍പ്പെടാതെയാണ് റോഡിലെ അഭ്യാസങ്ങള്‍. ഗ്രാമപ്രദേശങ്ങളിലും നാട്ടുകാരുടെ ഉള്ളില്‍ തീയിട്ട് തലങ്ങും വിലങ്ങും ഇവ കുതിച്ചുപായുന്നു. പതിയിരിക്കുന്ന ദുരന്തം അറിയാതെ വേഗലഹരിയില്‍ നിരവധിപേര്‍ സ്വന്തം ജീവന്‍ ഹോമിച്ചു. മറ്റുള്ളവരുടെ ജീവനും റോഡില്‍ പൊലിഞ്ഞു.

തൃശ്ശൂര്‍ ജില്ലയില്‍ ഇക്കൊല്ലം വാഹനാപകടങ്ങളില്‍ 270 പേര്‍ മരിച്ചു. 2,833 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 2327 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം അതിവേഗമെന്നാണ് പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരും പറയുന്നത്.

പവര്‍ കൂട്ടാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്നവര്‍

കാറിന്റെയും ബൈക്കിന്റെയും പവര്‍ കൂട്ടാന്‍ ലക്ഷങ്ങള്‍ ചെലവാക്കുന്ന വേഗപ്രേമികള്‍ കേരളത്തിലുണ്ട്. വിദഗ്ധരായ മെക്കാനിക്കുകളുള്ള വര്‍ക്ക്ഷോപ്പുകളും സംസ്ഥാനത്ത് ധാരാളം. പിസ്റ്റണ്‍ വലുപ്പം കൂട്ടിയും എന്‍ജിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (ഇ.സി.എം.) പ്രോഗ്രാം മാറ്റം വരുത്തിയും സൈലന്‍സര്‍ മാറ്റിയും പവര്‍ കൂട്ടുന്നു. വലിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരാണ് ഈ പണികള്‍ ചെയ്യുന്നത്.

പ്രഗല്ഭരായ റൈഡര്‍മാര്‍ക്കുവേണ്ടിയാണ് ഇത്തരം പണികള്‍ നടത്തുന്നത്. മാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ ലഭിക്കില്ല. അതിനാല്‍ ട്രക്കുകളിലാണ് റേസിങ് ഗ്രൗണ്ടില്‍ എത്തിക്കുക. ഇന്ത്യയില്‍ സര്‍ക്കാര്‍ അനുമതിയോടെ നടത്തുന്ന റേസിങ് മത്സരങ്ങള്‍ക്ക് ഇവ ഉപയോഗിക്കുന്നതിന് നിയമതടസ്സമില്ലെന്ന് മത്സരസംഘാടകര്‍ പറഞ്ഞു.

Content Highlights: Modified vehicles in road, Spending money for boost vehicle power, Modified cars and bikes