
നമ്പർപ്ലേറ്റ് ഊരിമാറ്റി പാഞ്ഞ ബൈക്ക് പിടികൂടിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
ക്യാമറകളില്‍ പെടാതിരിക്കാന്‍ നമ്പര്‍പ്ലേറ്റ് ഊരിമാറ്റി പാഞ്ഞ സൂപ്പര്‍ബൈക്കിന് മോട്ടോര്‍വാഹന വകുപ്പിന്റെ പിടിവീണു. കഴിഞ്ഞദിവസം ആലുവ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് നമ്പര്‍പ്ലേറ്റ് ഇല്ലാത്ത സൂപ്പര്‍ബൈക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൈകാണിച്ചാല്‍ നിര്‍ത്തില്ലെന്ന് മനസ്സിലായതോടെ ബൈക്കിന്റെ ചിത്രം മുഴുവനായി പകര്‍ത്തി.
പരിശോധനയില്‍ ബൈക്കിലുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഐ.ഡി. കണ്ടു. ഇതു കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹന ഉടമയായ യുവാവിനെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വലയിലാക്കിയത്. സൂപ്പര്‍ബൈക്കുകളിലെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ പൊട്ടിച്ചുമാറ്റി ഫ്രീക്കന്മാര് പായുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ ജി. അനന്തകൃഷ്ണന് പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡിന് രൂപംനല്‍കിയാണ് ഇത്തരം നിയമലംഘകരെ പൂട്ടുന്നത്.
2019 ഏപ്രിലിന് ശേഷം നിര്‍മിച്ച വാഹനങ്ങള്‍ക്ക് അഴിച്ചുമാറ്റാന്‍ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. സ്ക്രൂവിന് പകരം റിവെറ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാല്‍ നമ്പര്‍പ്ലേറ്റ് പൊട്ടിച്ചാല്‍ മാത്രമേ അഴിക്കാന്‍ കഴിയൂ. എന്നാല്‍, നിരവധിപേരാണ് ഈ നമ്പര്‍പ്ലേറ്റുകള്‍ പൊട്ടിച്ചെടുത്ത് നമ്പരില്ലാതെ ഓടിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് അധികൃതര്‍ പരിശോധന കടുപ്പിച്ചത്.
നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിയിലേക്ക് കൈമാറും. കഴിഞ്ഞദിവസം പിടികൂടിയ ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബൈക്ക് ആലുവ പോലീസിന് കൈമാറി. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ.
അതീവസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ അനുവദിച്ചിട്ടും അവ ഘടിപ്പിക്കാതെ മറ്റു നമ്പര്‍പ്ലേറ്റുകള്‍ പിടിപ്പിക്കുന്നത് നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിനു തുല്യമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ്. ജയരാജ്, അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നിഷാന്ത് ചന്ദ്രന്, ഡ്രൈവര്‍ ജിലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights; Modified super bike, High security number plate, MVD Kerala, Instagram ID
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..