മിതശബ്ദമുണ്ടാക്കാന്‍ സൈലന്‍സറില്‍ പ്രത്യേക സംവിധാനമുള്ള രണ്ട് കാറുകള്‍ പാറശ്ശാലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി പിഴയീടാക്കി. സൈലന്‍സറില്‍ ഘടിപ്പിച്ചിട്ടുള്ള വാല്‍വ് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നവിധത്തിലാണ് സജ്ജീകരിച്ചിരുന്നത്. ബുധനാഴ്ച നടത്തിയ വാഹനപരിശോധനയിലാണ് നിരത്തിലൂടെ അമിതവേഗത്തിലും ശബ്ദത്തിലും കടന്നുപോയ രണ്ട് കാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 

നിര്‍ത്താതെപോയ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് കുറുങ്കൂട്ടിയില്‍വെച്ച് പിടികൂടി. ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന്റെ സൈലന്‍സര്‍ ശബ്ദം കുറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശബ്ദനിയന്ത്രണത്തിനായി ഒരുക്കിയ പ്രത്യേക സംവിധാനം കണ്ടെത്തിയത്. 

വാഹനത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക സ്വിച്ച് ഉപയോഗിച്ച് ശബ്ദം നിയന്ത്രിക്കാവുന്ന സംവിധാനമാണ് രണ്ട് കാറുകളിലും കണ്ടെത്തിയത്. വാഹനത്തിന്റെ ശബ്ദം മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാവുന്നതരത്തിലാണ് ഇത് ഒരുക്കിയിരുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങളില്‍ ശബ്ദം കുറച്ച് കടന്നുപോകുന്നതിനായാണ് ഈ ക്രമീകരണം. രണ്ട് വാഹനങ്ങള്‍ക്കെതിരേയും മോട്ടോര്‍ വാഹന വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിഴയീടാക്കുകയും ചെയ്തു. 

പാറശ്ശാല ജോയിന്റ് ആര്‍.ടി.ഒ. അജികുമാറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് എം.കെ., എ.എം.വി.മാരായ പ്രവീണ്‍ ആര്‍.എസ്., രാജേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനം പിടികൂടിയത്. ശബ്ദനിയന്ത്രണത്തിനായി ഇത്തരത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ള, സംസ്ഥാനത്ത് പിടികൂടുന്ന ആദ്യ വാഹനമാണിതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Modified Car, Heavy Sound, MVD Kerala, Modified Vehicle, Sound Pollution