സംസ്ഥാനത്തെ ദേശീയപാതകളുടെ സുരക്ഷയ്ക്കായി ഹൈവേ പോലീസിന് ആധുനികസുരക്ഷാ സംവിധാനങ്ങളടങ്ങിയ വാഹനങ്ങളെത്തും. മൊബൈല്‍ ഡാറ്റാ ടെര്‍മിനലടക്കമുളള സൗകര്യങ്ങളോടുകൂടിയ 10 പട്രോളിങ് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുകയെന്ന് ആഭ്യന്തരവകുപ്പ് അധികൃതര്‍ പറഞ്ഞു.

മൊബൈല്‍ ഡാറ്റാ ടെര്‍മിനലിന്റെ സഹായത്തോടെ വാഹനാപകടങ്ങളും മറ്റുമുണ്ടായ സ്ഥലം കൃത്യമായി തിരിച്ചറിഞ്ഞ് അതിവേഗം രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ കഴിയും. അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള സ്‌ട്രെച്ചര്‍, ലൈറ്റ് ബാറുകള്‍, റിഫ്‌ളക്ടീവ് സിഗ്‌നലുകള്‍, സ്പീഡ് റഡാറുകള്‍ തുടങ്ങിയ സൗകര്യങ്ങളും വാഹനങ്ങളിലുണ്ടാവും.

അമിതവേഗവും അശ്രദ്ധയും മൂലമുള്ള അപകടങ്ങള്‍ക്കുപുറമേ, ഹൈവേ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണം, കുഴല്‍പ്പണം, സ്പിരിറ്റ്, കഞ്ചാവടക്കമുള്ള മയക്കുമരുന്നുകള്‍ എന്നിവയുടെ കടത്ത്, വാഹനം തടഞ്ഞുള്ള കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളും തടയുകയാണ് ലക്ഷ്യം.

അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ സഹായിക്കുന്ന ക്രെയിനുകള്‍, ലോറികള്‍, ആധുനിക ആംബുലന്‍സുകള്‍, പാതയില്‍ കുടുങ്ങുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള മിനിബസ്സുകള്‍, ഹൈവേ നിരീക്ഷണത്തിനും മറ്റുമായി എ.ബി.എസ്. സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയും ഒരുക്കുന്നുണ്ട്. ആധുനികസജ്ജീകരണങ്ങളടങ്ങിയ വാഹനങ്ങള്‍ക്കായി 33 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മുന്‍ഗണന അതിര്‍ത്തി പാതകള്‍ക്ക് 

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളിലെ ദേശീയപാതകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കും. സുപ്രീംകോടതിയുടെ നിരീക്ഷണ സമിതിയും ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

-ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസ്

Content Highlights: Modern Security Vehicle For Highway Police