ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് മാത്രമല്ല ഫോണ്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നതും നിയമവിരുദ്ധം. ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് യാത്രയ്ക്കിടെ ചിത്രീകരിക്കുന്നതും അപകടകരമാണ്. ഹെല്‍മെറ്റില്‍ ഘടിപ്പിക്കാവുന്ന ക്യാമറകളും വിപണിയില്‍ ലഭ്യമാണ്. ബൈക്ക് അഭ്യാസങ്ങളും മത്സരയോട്ടവും ചിത്രീകരിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതും നിയമലംഘനമാണ്.

ഇത്തരം വീഡിയോകള്‍ പരിശോധിച്ച്, ക്രമക്കേട് കാണിച്ചവരെ കണ്ടെത്തി നടപടി എടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. 2017-ലെ ഡ്രൈവിങ് റെഗുലേഷന്‍സ് പ്രകാരം വാഹനമോടിക്കുന്നയാള്‍ റോഡില്‍നിന്ന് ശ്രദ്ധമാറുന്ന മറ്റൊന്നും ചെയ്യാന്‍ പാടില്ല.

പല വ്‌ളോഗര്‍മാരും ഓട്ടോമൊബൈല്‍ റിവ്യു നടത്തുന്നവരും തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടാണ് വിശേഷങ്ങള്‍ പങ്കുവെക്കുന്നത്. ഇതും നിയമവിരുദ്ധമാണ്. വാഹനത്തിലുള്ളവര്‍ അനാവശ്യമായി ഡ്രൈവറോട് സംസാരിക്കുന്നതും ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.

Content Highlights: Mobile Video shooting while driving is also illegal