പുതിയ ബൈക്ക് വാങ്ങിയ സന്തോഷത്തിലായിരുന്നു കോട്ടയ്ക്കല്‍ ചങ്കുവെട്ടി സ്വദേശി പി. റിജാസ്. എന്നാല്‍ ആര്‍.സി. ബുക്ക് വീട്ടില്‍ എത്തിയപ്പോള്‍ റിജാസ് ശരിക്കും ഞെട്ടി. തെറ്റുകളുടെ കൂമ്പാരമായിരുന്നു ബുക്കില്‍.
3.50 ലക്ഷം രൂപ വിലയുള്ള വെള്ള നിറത്തിലുള്ള ബൈക്കാണ് റിജാസ് വാങ്ങിയിരുന്നത്. എന്നാല്‍ ആര്‍.സി. ബുക്കില്‍ 55,000 രൂപ മാത്രം വിലയുള്ള മറ്റൊരു കമ്പനിയുടെ ബൈക്കെന്നാണ് രേഖപ്പെടുത്തിയിരുന്നത്. തിരൂരങ്ങാടി ആര്‍.ടി.ഒ. ഓഫീസില്‍ പത്ത് ദിവസംമുമ്പ് ഏജന്റ് വഴിയാണ് വാഹന രജിസ്ട്രേഷന്‍ നടപടികള്‍ നടത്തിയത്.
ബുധനാഴ്ച വൈകീട്ട് ഏജന്റ് ആര്‍.സി. ബുക്കുമായെത്തിയപ്പോഴാണ് സി.സിയും വണ്ടിയുടെ നിറവും എന്തിനേറെപ്പറയുന്നു ഉടമയുടെ പിതാവിന്റെ പേരും മേല്‍വിലാസവുമടക്കം എഴുതിയത് മുഴുവന്‍ തെറ്റാണെന്ന് അറിയുന്നത്.
പിതാവിന്റെ പേര് ഹംസ എന്നതിനു പകരം ഗിരീഷ്ബാബു എന്നാണ് വന്നിട്ടുള്ളത്. വിവരങ്ങള്‍ ചേര്‍ക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്‌നമാവാം തെറ്റിന് പിന്നില്ലെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ. സജു എ. ബക്കര്‍ പറഞ്ഞു. പരാതിയെത്തിയാലുടനെ പുതിയ ആര്‍.സി. ബുക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Mistake In Bike's RC Book