ബിൽഗേറ്റ്‌സ് ഇലക്ട്രിക് ഓട്ടോയിക്ക് സമീപം, ആനന്ദ് മഹീന്ദ്ര | Photo: RushLane, Twitter
ഇന്ത്യാ സന്ദര്‍ശനത്തിനിടെ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഓട്ടോ ഡ്രൈവിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. ഓട്ടോയുടെ കണ്ണാടിയിലൂടെ ബില്‍ഗേറ്റ്‌സിന്റെ മുഖം കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. 'ചല്‍തി കാ നാം ഗാഡി' എന്ന ചിത്രത്തിലെ 'ബാബു സംജോ ഇഷാരെ' എന്ന ഗാനമാണ് വീഡിയോയിലുള്ളത്.
പോസ്റ്റില്‍ ഓട്ടോയുടെ ഗുണങ്ങളെപ്പറ്റിയും പറയുന്നുണ്ട്. ഒറ്റത്തവണ ചാര്‍ജുചെയ്താല്‍ 131 കിലോ മീറ്റര്‍വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഓട്ടോയില്‍ നാലുപേര്‍ക്ക് യാത്രചെയ്യാമെന്ന് ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. മഹീന്ദ്രയുടേതാണ് ഓട്ടോ. പോസ്റ്റ് ഷെയര്‍ ചെയ്ത മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാര്‍ ആനന്ദ് മഹീന്ദ്ര സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും തനിക്കുമൊപ്പം ബില്‍ഗേറ്റ്‌സിനെ ഇ.വി. ഡ്രാഗ് റേസിനായി വെല്ലുവിളിച്ചിട്ടുണ്ട്.
ഇന്നോവേഷനോടുള്ള ഇന്ത്യയിലെ അഭിനിവേശം അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 131 കിലോമീറ്റര്‍ (ഏകദേശം 81 മൈല്‍) വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതും നാലുപേരെ വഹിക്കാന്‍ ശേഷിയുള്ളതുമായി ഒരു ഇലക്ട്രിക് ഓട്ടോറിക്ഷ എനിക്ക് ഓടിക്കാന്‍ സാധിച്ചു. ഗതാഗത മേഖലയിലെ ഡികാര്‍ബണൈസേഷനില്‍ മഹീന്ദ്ര പോലെയുള്ള കമ്പനികളുടെ സംഭാവന ഏറെ പ്രചോദനം നല്‍കുന്നതാണെന്ന് അദ്ദേഹം പങ്കുവെച്ച വീഡിയോയിക്കൊപ്പം കുറിച്ചു.
അദ്ദേഹത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെ അതിനുള്ള പ്രതികരണവുമായി മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മഹീന്ദ്രയുടെ ട്രിയോ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും, നിങ്ങളുടെ അടുത്ത ഇന്ത്യ സന്ദര്‍ശനത്തില്‍ എനിക്കും സച്ചിനും ഒപ്പമൊരു ഡ്രാഗ് റേസ് ആയിരിക്കും പ്രധാന അജണ്ടയെന്നുമായിരുന്നു ആനന്ദ് മഹീന്ദ്ര പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
Content Highlights: Microsoft co founder billgates drivers Mahindra Treo electric auto, Anand Mahindra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..