എംജി മോട്ടോഴ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വി വിപണിയില്‍ മികച്ച നേട്ടത്തോടെ മുന്നേറുന്നു. കഴിഞ്ഞ മാസം 3536 യൂണിറ്റ് ഹെക്ടര്‍ വിറ്റഴിച്ചതായി എംജി വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ശേഷം ഹെക്ടറിന്റെ ഏറ്റവും വലിയ മാസവില്‍പനയാണിത്. ഇതിനോടകം നാല്‍പതിനായിരത്തിലേറെ ബുക്കിങ്ങും ഹെക്ടറിന് ലഭിച്ചിട്ടുണ്ട്. ആദ്യ 10,000 യൂണിറ്റ് പ്രൊഡക്ഷന്‍ മാര്‍ക്ക് അടുത്തിടെയാണ് എംജി പിന്നിട്ടിരുന്നത്. 

വിപണിയിലെത്തിയ ഉടന്‍ ക്രമാതീതമായി ബുക്കിങ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഹെക്ടറിന്റെ ബുക്കിങ് അടുത്തിടെയാണ് എംജി പുനരാരംഭിച്ചിരുന്നത്. ഇതിനുശേഷം മാത്രം പതിനായിരത്തിലേറെ ബുക്കിങ് ഹെക്ടറിനെത്തേടിയെത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹലോല്‍ പ്ലാന്റില്‍ രണ്ടാം ഷിഫ്റ്റില്‍ ജോലി ആരംഭിക്കുകയും മാസംതോറുമുള്ള നിര്‍മാണം 3000 യൂണിറ്റാക്കിയും എംജി ഉയര്‍ത്തിയിരുന്നു. 

12.48 ലക്ഷം രൂപ മുതല്‍ 17.28 ലക്ഷം വരെയാണ് ഇന്ത്യയില്‍ ഹെക്ടറിന്റെ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണമുള്ള ഹെക്ടറില്‍ അടുത്തിടെ ആദ്യ ഓവര്‍ ദി എയര്‍ (OTA) സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റും എംജി നല്‍കിയിരുന്നു.

Content Highlights; MG Sold 3536 units Hector SUV In October