എംജി മോട്ടോഴ്‌സ് ഇന്ത്യ പരീക്ഷണ പദ്ധതിയായി രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ഷോറൂം 'എംജി ഡിജിറ്റല്‍ സ്റ്റുഡിയോ' ബെംഗളൂരുവില്‍ തുറന്നു. റഗുലര്‍ കാര്‍ ഷോറൂമുകളെപ്പോലെയല്ല ഇതിന്റെ പ്രവര്‍ത്തനം. ഒരൊറ്റ കാറുകള്‍ പോലും ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ പ്രദര്‍ശനത്തിനില്ല. എല്ലാം ഡിജിറ്റലാണിവിടെ. നൂതന ടെക്‌നോളജി സംവിധാനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്ക് എംജി മോഡലിന്റെ എല്ലാ വിവരങ്ങളും ഷോറൂമില്‍നിന്ന് ഡിജിറ്റലായി അടുത്തറിയാന്‍ സാധിക്കും. 

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എസെന്‍ട്രിക് എന്‍ജിന്‍ എന്ന ടെക് കമ്പനിയുമായി ചേര്‍ന്നാണ് ഡിജിറ്റല്‍ സ്റ്റുഡിയോയ്ക്ക് ആവശ്യമായ ദൃശ്യാവിഷ്‌കാര പ്ലാറ്റ്‌ഫോം എംജി ഒരുക്കിയിരിക്കുന്നത്. പ്രതീതി യാഥാര്‍ഥ്യം (ഓഗ്‌മെന്റഡ് റിയാലിറ്റി), ഇന്ററാക്ടീവ് വിഷ്വലൈസര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അടിസ്ഥാനത്തിലുള്ള ഹ്യൂമണ്‍ റെകഗ്നീഷ്യന്‍ സിസ്റ്റം എന്നിവയിലൂന്നിയാണ് ഡിജിറ്റല്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. 

MG
Photo Courtesy; MG India

നിലവില്‍ ഹെക്ടര്‍ എസ്.യു.വി മോഡല്‍ മാത്രമാണ് എംജി ഇന്ത്യ നിരയിലുള്ളത്. ഡിജിറ്റല്‍ സ്റ്റുഡിയോയിലേക്ക് വരുന്ന ഏതൊരു ഉപഭോക്താവിനും ഹെക്ടറിന്റെ ഏത് വേരിയന്റുകളുടെ വിവരങ്ങള്‍ അറിയാനും വിലയിരുത്താനും സാധിക്കും. താത്പര്യത്തിനനുസരിച്ച് മോഡല്‍ ബുക്ക് ചെയ്യുകയും ചെയ്യാം. റഗുലര്‍ കാര്‍ ഷോറൂമുകളെക്കാള്‍ വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ് മാത്രമേ ഡിജിറ്റല്‍ ഷോറൂമുകള്‍ക്ക് വരുകയുള്ളുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

Content Highlights; MG Motor unveils indias first digital car less showroom