ചൈനീസ് വാഹന നിര്‍മാതാക്കളായ ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ (SAIC) ഉടമസ്ഥതയിലുള്ള മോറിസ് ഗാരേജസ് (എംജി) ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്ത്യയിലെ ആസ്ഥാനമന്ദിരം തുറന്നു. 150 കോടി രൂപ ചെലവിട്ട് ഹരിയാനയിലെ ഗുരുഗ്രാമിലാണ് മോറിസ് ഗാരേജസ് ഇന്ത്യാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആരംഭിച്ചിരിക്കുന്നത്. 

46,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഓഫീസ് അടുത്ത രണ്ടു മാസത്തിനുള്ളില്‍ തയ്യാറാകും കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ വിപണിയിലെത്തുന്നതിനു മുമ്പായിത്തനെ ജീവനക്കാര്‍ ഈ ഓഫീസിലേക്ക് മാറും. സെന്‍ട്രല്‍ ഓഫീസിന്റെ താഴത്തെ നിലയില്‍ ഫ്‌ളാഗ്ഷിപ്പ് ഷോറൂമും ബ്രാന്‍ഡ് സ്‌റ്റോറും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ സുപ്രധാന വിപണികളിലൊന്നായിരിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ബാലേന്ദ്രന്‍ പറഞ്ഞു. 

ഈ വര്‍ഷം പകുതിയോടെയാണ് ഹെക്ടര്‍ എസ്.യു.വിയുമായി എംജി അരങ്ങേറ്റം കുറിക്കുക. ഇതിന് പിന്നാലെ ഹെക്ടറിന് തൊട്ടുതാഴെ എസ്.യു.വി ശ്രേണിയില്‍ ബെയ്ജന്‍ 510 മോഡലും ഇന്ത്യയിലെത്തുമെന്നാണ് സൂചന. 

Content Highlights; MG Motor Inaugurates New Corporate Office In Gurugram