എംജി ഇന്ത്യയുടെ ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വിയുടെ നിര്‍മാണം 10,000 യൂണിറ്റ് പിന്നിട്ടു. എംജിയുടെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ ആഘോഷമായാണ് 10,000 യൂണിറ്റ് ഹെക്ടര്‍ കമ്പനി പുറത്തിറക്കിയത്. വിപണിയിലെത്തി നാല് മാസങ്ങള്‍ക്കകമാണ് ഹെക്ടര്‍ നിര്‍മാണം 10,000 യൂണിറ്റ് പിന്നിടുന്നത്. ഇതിനോടകം 40,000ത്തിലേറെ ബുക്കിങ് ഹെക്ടറിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 

വിപണിയിലെത്തിയ ആദ്യ ദിവസങ്ങളില്‍ ആവശ്യക്കാരുടെ എണ്ണം ക്രമാതീധമായി വര്‍ധിച്ചതോടെ നിര്‍ത്തിവെച്ച ബുക്കിങ് അടുത്തിടെയാണ് എംജി പുനരാരംഭിച്ചിരുന്നത്. രണ്ടാം ബുക്കിങ്ങിലും വലിയ സ്വീകാര്യതയാണ് ഹെക്ടറിന് ലഭിക്കുന്നത്. കൂടുതല്‍ ബുക്കിങ് വന്നതോടെ ഹലോല്‍ പ്ലാന്റിലെ മാസംതോറുമുള്ള നിര്‍മാണം 1500 യൂണിറ്റില്‍ നിന്ന് 3000 യൂണിറ്റാക്കി എംജി ഉയര്‍ത്തിയിട്ടുണ്ട്. നിര്‍മാണം കൂട്ടാന്‍ പുതിയ രണ്ടാം ഷിഫ്റ്റിലേക്ക് 500 പുതിയ ജോലിക്കാരെയും എംജി നിയോഗിച്ചിട്ടുണ്ട്. 
 
ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആദ്യ ഓവര്‍ ദി എയര്‍ (OTA) സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുതുതായി എംജി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയും ഇതില്‍ ലഭിക്കും. ഹെക്ടറിന്റെ സ്മാര്‍ട്ട്, ഷാര്‍പ്പ് വേരിയന്റുകളില്‍ ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന്റെ നോട്ടിഫിക്കേഷന്‍ ലഭിക്കും. സൗജന്യമായി ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണമുള്ള ഹെക്ടറിലെ 10.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലെ ഇന്‍ബില്‍ഡ് സിം കാര്‍ഡ് വഴിയാണ് ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ് ഫീച്ചേര്‍ എംജി ഹെക്ടറില്‍ ലഭിക്കുന്നത്. 

12.48 ലക്ഷം രൂപ മുതല്‍ 17.28 ലക്ഷം വരെയാണ് ഇന്ത്യയില്‍ ഹെക്ടറിന്റെ എക്സ്ഷോറൂം വില.  1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.

Content Highlights; MG Hector SUV crosses 10000 production milestone