എംജി ഇന്ത്യയുടെ ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വിയുടെ ബുക്കിങ് പുനരാരംഭിച്ചതിനൊപ്പം വാഹനത്തിന്റെ വിലയും വര്‍ധിപ്പിച്ചു. 12.48 ലക്ഷം രൂപ മുതല്‍ 17.28 ലക്ഷം രൂപ വരെയാണ് ഇനി ഹെക്ടറിന്റെ എക്‌സ്‌ഷോറൂം വില. സെപ്റ്റംബര്‍ 25നും അതിനുശേഷവും ബുക്ക് ചെയ്തവര്‍ക്ക് ഈ വിലയ്ക്കാണ് ഹെക്ടര്‍ ലഭിക്കുക. നേരത്തെ 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയായിരുന്നു ഹെക്ടറിന്റെ എക്‌സ്‌ഷോറൂം വില. 

ജൂണ്‍ 27ന് പുറത്തിറങ്ങിയ ഹെക്ടറിനുള്ള ബുക്കിങ് ക്രമാതീതമായി വര്‍ധിച്ചതോടെ കഴിഞ്ഞ ജൂലായ് മുതലാണ് ബുക്കിങ് താല്കാലികമായി കമ്പനി നിര്‍ത്തിവെച്ചിരുന്നത്. അടുത്ത മാസം മുതല്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനും എംജി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഇത് 2000 യൂണിറ്റാണ്. ഹെക്ടറിന്റെ ഉയര്‍ന്ന വകഭേദങ്ങളായ സ്മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും 50 ശതമാനം ഉപഭോക്താക്കളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുക്കുന്നതെന്നും നേരത്തെ എംജി വ്യക്തമാക്കിയിരുന്നു.

ഐ സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന അന്‍പതിലേറെ കണക്റ്റഡ് ഫീച്ചേഴ്സ് എതിരാളികളില്‍നിന്ന് ഹെക്ടറിനെ വ്യത്യസ്തമാക്കും. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.

Content Highlights; MG hector suv booking re opened