മെഴ്‌സിഡീസ് മേബാക്ക് എസ് 500 ഇന്ത്യയില്‍തന്നെ അസംബിള്‍ ചെയ്യുമെന്ന് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് പ്രഖ്യാപിച്ചു. രാജ്യത്ത് അസംബിള്‍ ചെയ്യുന്ന ഏറ്റവും വിലയേറിയ ആഡംബര കാറാവും മേബാക്ക് എസ് 500. 1.67 കോടി രൂപയാവും ഇതിന്റെ പുണെയിലെ ഏകദേശവില. വര്‍ഷങ്ങള്‍ക്കുമുമ്പ് വിപണിയില്‍നിന്ന് പിന്‍വലിച്ച മേബാക്ക് ബ്രാണ്ട് അടുത്തിടെയാണ് മെഴ്‌സിഡീസ് മേബാക്ക് എന്നപേരില്‍ വീണ്ടും മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചത്.

Mercedez Maybach S

പിന്‍നിരയിലും ഓരോ യാത്രക്കാര്‍ക്കും പ്രത്യേക സീറ്റാണ് മേബാക്ക് എസ് 500 ലുള്ളത്. ഉടമകളുടെ താത്പര്യം പരിഗണിച്ചാവും ഉള്‍വശത്തിന്റെ രൂപകല്‍പ്പന. 5250 ആര്‍.പി.എമ്മില്‍ 465 പി.എസ് പരമാവധി കരുത്തും 1800 ആര്‍.പി.എമ്മില്‍ 700 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കുന്ന 4.6 ലിറ്റര്‍ വി 8 എന്‍ജിനാണ് മേബാക്ക് എസ് 500 ന് കരുത്ത് പകരുന്നത്. അഞ്ച് സെക്കന്‍ഡുകള്‍കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ വാഹനത്തിന് കഴിയും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം.