ഗുജറാത്തില്‍ ഫാന്‍സി നമ്പര്‍ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് ഭാഗ്യ നമ്പര്‍ സ്വന്തമാക്കി രാജ്‌കോട്ട് സ്വദേശിയായ ഗോവിന്ദ് പര്‍സാന. തന്റെ ഭാഗ്യ നമ്പറായ ഏഴാം നമ്പറിനായി (GJ 03 LB 0007) 19.01 ലക്ഷം രൂപയാണ് ബില്‍ഡറായ പര്‍സാന ലേലത്തില്‍ മുടക്കിയത്. ഏകദേശം 63 ലക്ഷം രൂപയോളം വില വരുന്ന പുതിയ മെഴ്‌സിഡിസ് ബെന്‍സ് ജിഎല്‍സി 220 ഡി 4മാറ്റിക്ക് എസ്.യു.വി മോഡലിനായാണ് പര്‍സാന ഈ നമ്പര്‍ സ്വന്തമാക്കിയത്. 

ഗുജറാത്തിലെ ആര്‍ടി ഓഫീസില്‍ ഒരു വാഹന നമ്പറിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ലേലത്തുകയാണിതെന്ന് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗ അധികൃതരും അറിയിച്ചിട്ടുണ്ട്. നമ്പര്‍ 7 ഗുജറാത്തിയില്‍ എഴുതിയാല്‍ അത് ഗണേശ ദൈവത്തെ അടയാളപ്പെടുത്തുന്നു, അതുകൊണ്ടാണ് ഈ നമ്പര്‍ തിരഞ്ഞെടുത്തതെന്ന് പര്‍സാന പറയുന്നു. എന്നാല്‍ നിയമപ്രകാരം നമ്പര്‍ 7 ഗുജറാത്തിയില്‍ നമ്പര്‍ പ്ലേറ്റില്‍ എഴുതാന്‍ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് പര്‍സാന ഉപയോഗിച്ച മൂന്ന് ഫോര്‍വീല്‍ വാഹനങ്ങളുടെയും നമ്പര്‍ ഏഴായിരുന്നു. 

ഇതേ ലേലത്തില്‍ രാജ്‌കോട്ട് സ്വദേശിയായ ഉപേന്ദ്ര ചുഡസാമയും റെക്കോര്‍ഡ് തുകയ്ക്ക് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. പുതിയ റേഞ്ച് റോവറിനായി GJ 03 LB 0001 എന്ന നമ്പര്‍ 8.53 ലക്ഷം രൂപയ്ക്കാണ് ഉപേന്ദ്ര ലേലത്തില്‍ പിടിച്ചത്. ഇത് രണ്ടാം തവണയാണ് ഉപേന്ദ്ര ഒന്നാം നമ്പര്‍ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കുന്നത്. 

Source; TOI

Content Highlights; Mercedes benz owner pays 19 lakhs for fancy number, Fancy number auction, most expensive fancy number in gujarat