കൊച്ചി: ആഡംബര കാര്‍ കമ്പനിയായ മെഴ്സിഡസ് ബെന്‍സ് സര്‍ക്കാരില്‍ നിന്ന് നികുതി ആനുകൂല്യം ലഭിച്ചാല്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കും. മെഴ്സിഡസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ റോളണ്ട് എസ്. ഫോള്‍ഗര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 

'ഇ.ക്യു.' എന്ന ബ്രാന്‍ഡില്‍ ആഗോള തലത്തില്‍ കമ്പനി ഇലക്ട്രിക് കാറുകളുടെ വലിയ ശ്രേണി തന്നെ അവതരിപ്പിക്കാനൊരുങ്ങുകയാണ്. അടുത്ത മാസം ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന അന്താരാഷ്ട്ര മോട്ടോര്‍ ഷോയില്‍ ഇലക്ട്രിക് കോംപാക്ട് കാര്‍ പരിചയപ്പെടുത്തും. 

അനുകൂലമായ സാഹചര്യം ഒത്തുവന്നാല്‍ മാത്രമേ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളാടിസ്ഥാനത്തില്‍ 2025-ഓടെ കമ്പനി വില്‍ക്കുന്ന മൊത്തം കാറുകളില്‍ 20-25 ശതമാനവും ഇലക്ട്രിക് കാറുകളായിരിക്കും. 

മെഴ്സിഡസ് ബെന്‍സിന്റെ ഇന്ത്യയിലെ ആറാമത് എ.എം.ജി. പെര്‍ഫോമന്‍സ് സെന്റര്‍ ആലുവ ദേശത്ത് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് റോളണ്ട്. കമ്പനിയുടെ പെര്‍ഫോമന്‍സ് അധിഷ്ഠിത കാറുകളാണ് എ.എം.ജി. ശ്രേണിയില്‍ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ 12 മോഡലുകളാണ് നിലവിലുള്ളത്.

കേരളത്തില്‍ എ.എം.ജി. മോഡലുകളുടെ വില്പനയില്‍ 40 ശതമാനം വളര്‍ച്ചയുണ്ട്. രാജശ്രീ മോട്ടോഴ്സാണ് ദേശത്ത് എ.എം.ജി. സെന്റര്‍ ഒരുക്കിയിരിക്കുന്നത്.