തിരുവനന്തപുരം: തലസ്ഥാന വീഥികളെ രാജകീയമാക്കി മെഴ്‌സഡീസ്‌ ബെന്‍സ് കാര്‍ റാലി നടന്നു. ക്ലബ് എം.ബി ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിക്ക് തിരുവിതാംകൂര്‍ രാജകുടുംബാംഗം പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ നേതൃത്വം നല്‍കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലബ് എം.ബി സംഘടിപ്പിച്ച റാലി കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. 1964 മോഡല്‍ മെഴ്‌സഡീസ്‌ ബെന്‍സ് മുതല്‍ പുത്തന്‍ സീരീസിലെയുള്ള അമ്പതോളം മെഴ്‌സഡീസ്‌ ബെന്‍സ് കാറുകള്‍ റാലിയില്‍ അണിനിരന്നു.

Benz Rally
ഫോട്ടോ; ജി. ബിനുലാല്‍

1968-ല്‍ സിങ്കപ്പൂരില്‍ നിന്നും ജേക്കബ് മാത്യു കേരളത്തില്‍ എത്തിച്ച 1964 മോഡല്‍ മെഴ്‌സഡീസ്‌ ബെന്‍സ് ആയിരുന്നു' റാലിയിലെ ശ്രദ്ധ കേന്ദ്രം. തലമുറ കൈമാറി ജേക്കബ് മാത്യുവിന്റെ മകന്‍ റോയി മാത്യു ജേക്കബ് വട്ടശേരില്‍ ആണ് ഇപ്പോള്‍ അതിന്റെ ഉടമ. ടെക്‌നോപാര്‍ക്കിലാണ് റാലി അവസാനിച്ചത്‌. തുടര്‍ന്ന് നടന്ന ചടങ്ങില്‍ റോഡ് സുരക്ഷയെ കുറിച്ച് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബി.മുരളീകൃഷ്ണയും, റോല്‍സ് റോയല്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എഞ്ചിനിയര്‍ ശിവകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 

Benz Rally
ഫോട്ടോ; ജി. ബിനുലാല്‍

ചടങ്ങില്‍ ക്ലബ് രക്ഷാധികാരികളായ പ്രിന്‍സ്. മാര്‍ത്താണ്ഡവര്‍മ്മ, റെനി കോയിപ്പുറം, പ്രസിഡന്റ് ആര്‍.പ്രകാശ് നായര്‍, വൈസ്പ്രസിഡന്റ് അഡ്വ.ഉണ്ണിരാജ ടി. ഐ, സെക്രട്ടറി എസ്. ജെ.സഞ്ചീവ്, ജോ. സെക്രട്ടറി വിനോയ് ജോര്‍ജ് മാത്യു, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ച് 17-ന് വഴുതക്കാട് ഉദാര ശിരോമണി റോഡിലെ റോട്ടറി ഇന്‍സ്റ്റിട്യൂറ്റ് ഫോര്‍ ചിള്‍ഡ്രന്‍ ഇന്‍ നീഡ് ഫോര്‍ സ്‌പെഷ്യല്‍ കെയറിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും നല്‍കുമെന്നും പ്രകാശ് നായര്‍ അറിയിച്ചു. 

benz rally
ഫോട്ടോ; ജി. ബിനുലാല്‍