മാവേലിക്കരയിലെ ജോയിന്റ് ആർ.ടി.ഒ. മനോജ് എം.ജി ലോറിയുമായി പോകുന്നു | ഫോട്ടോ; മാതൃഭൂമി ന്യൂസ്
കോവിഡ് രോഗികൾക്ക് ഓക്സിജന്‍ കൃത്യമായി ലഭിക്കാത്തതുമാണ് ഇപ്പോള്‍ നമ്മുടെ നാട് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായുള്ള പരിശ്രമത്തിനാണ് നമ്മുടെ നാട് സാക്ഷ്യം വഹിക്കുന്നത്. ഈ സഹചര്യത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിന് മുന്നിട്ടിറങ്ങിയ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നത്.
മാവേലിക്കരയിലെ ജോയിന്റ് ആര്.ടി.ഒ. മനോജ് എം.ജിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ചെങ്ങന്നൂരിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ അടിയന്തിരമായി ഓക്സിജന്‍ സിലണ്ടര്‍ ആവശ്യമാണെന്ന് അറിയിപ്പ് ലഭിക്കുന്നു. എന്നാല്‍, ഓക്സിജന്‍ സിലിണ്ടറുമായി പോകുന്ന ലോറിയുടെ ഡ്രൈവര്‍ എത്തിപ്പെടാനുള്ള സാഹചര്യം ഇല്ലാതായതോടെയാണ് മനോജ് എന്ന ഉദ്യോഗസ്ഥന് ഈ ഉദ്യമം ഏറ്റെടുത്തത്.
അദ്ദേഹം ടിപ്പറിന്റെ ഡ്രൈവര്‍ സീറ്റിലെത്തുകയും തുടര്‍ന്ന് വാഹനവുമായി മാവേലിക്കരയിലെ ട്രാവന്‍കൂര്‍ ഫാക്ടറിയിലെത്തുകയുമായിരുന്നു. അവിടെ നിന്നും വാഹനത്തില്‍ കയറ്റിയ സിലിണ്ടറുകള്‍ പരമാവധി വേഗത്തില്‍ ചെങ്ങന്നൂരില്‍ എത്തിക്കുകയും അദ്ദേഹവും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സിലിണ്ടറുകള്‍ വാഹനത്തില്‍ നിന്ന് ഇറക്കുകയുമായിരുന്നു.
ആവശ്യമായി സ്ഥലങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കുമെന്ന് കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പല ജില്ലകളിലും ഇത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് മാവേലിക്കരയിലെ സംഭവം ഉദ്യോഗസ്ഥര്‍ പങ്കുവെച്ചിട്ടുള്ളത്.
മോട്ടര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അടിയന്തിരമായി ജീവവായു എത്തിച്ച് മാവേലിക്കര ജെ.ആര്.ടി.ഒയും ഉദ്യോഗസ്ഥനും
ചെങ്ങന്നൂര്‍ കോവിഡ് എഫ്.എല്‍.ടി.സിയിലേക്ക് അടിയന്തിരമായി ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമാവുകയും, ടിപ്പര്‍ ഡ്രൈവര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ടിപ്പറിന്റെ സാരഥ്യം മാവേലിക്കര ജോയിന്റ് ആര്.ടി.ഒ. മനോജ് എം.ജി ഏറ്റെടുക്കുയും, ടിപ്പര്‍ മാവേലിക്കര കുന്നം ട്രാവന്‍കൂര്‍ ഫാക്ടറിയില്‍നിന്നും ജീവവായു സിലിണ്ടറുകള്‍ വളരെ പെട്ടന്ന് തന്നെ ചെങ്ങന്നൂരില്‍ എത്തിക്കുകയും ചെയ്തു.
കോവിഡ് മാലിന്യ നിര്‍മ്മാര്‍ജ്ജന ചുമതല ഉണ്ടായിരുന്ന രണ്ടു പേരോടൊപ്പം മനോജ് എം.ജി, പൈലറ്റ് വാഹനം ഓടിച്ചെത്തിയ എ.എം.വി.ഐ. ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ലോഡ് ഇറക്കിയത്. മാവേലിക്കര സബ് ആര്.ടി. ഓഫീസിലെ എം.വി.ഐമാരായ എസ്.സുബി, സി.ബി. അജിത്ത് കുമാര്‍, എ.എം.വി.ഐമാരായ ശ്യാം കുമാര്‍, പി. ജയറാം, പി. ഗുരുദാസ് എന്നിവര്‍ ഓക്സിജന്‍ വിതരണത്തിനായി സദാ ജാഗരൂകരായി ഇരിക്കുന്നു.
ജില്ലാ പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ ആര്.ടി.ഒമാരായ ജി.എസ്. സജി പ്രസാദ്, പി.ആര്. സുമേഷ് എന്നിവര്‍ നിയന്ത്രിക്കുന്നു. അടിയന്തിരമായി ഇടപെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച മനോജ് എം.ജി, ശ്യാം കുമാര്‍, ഒപ്പം മാവേലിക്കര RT ഓഫീസിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.
Content Highlights; Mavelikara Joint RTO Takes Driver Role Of Oxygen Truck In Chengannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..