രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇതുവരെ വിറ്റഴിച്ച പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണം രണ്ട് കോടി പിന്നിട്ടതായി കമ്പനി വ്യക്തമാക്കി. മാരുതിയുടെ ആദ്യ കാര്‍ ഇന്ത്യയിലെത്തി 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഹന വില്‍പന രണ്ട് കോടി നേട്ടത്തിലെത്തിയത്. വില്‍പന രണ്ട് കോടി പിന്നിടുന്ന രാജ്യത്തെ ആദ്യ വാഹന നിര്‍മാതാക്കളും മാരുതിയാണ്.
ഐക്കണിക് മോഡലായ മാരുതി 800 ചെറുകാറായിരുന്നു മാരുതി ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്, 1983 ഡിസംബറിലായിരുന്നു മാരുതി 800 ജൈത്രയാത്ര ആരംഭിച്ചത്. നിലവില്‍ ആള്‍ട്ടോ കെ10, ആള്‍ട്ടോ, വാഗണ്‍ ആര്‍, സെലേരിയോ, സെലേരിയോ എക്‌സ്, സ്വിഫ്റ്റ്, ഡിസയര്‍, എസ്-പ്രെസോ, വിറ്റാര ബ്രെസ, എര്‍ട്ടിഗ, ഇക്കോ, എസ്-ക്രോസ്, സിയാസ്, ബലേനോ, എക്‌സ്എല്‍6, ഇഗ്നീസ് എന്നീ കാറുകളും സൂപ്പര്‍ കാരി, ഇക്കോ കാര്‍ഗോ എന്നീ വാണിജ്യ വാഹനങ്ങളുമാണ് ഇന്ത്യയില്‍ മാരുതി സുസുക്കി നിരയിലുള്ളത്.
തുടക്കം മുതല്‍ 1994-95 കാലയളവ് വരെ 10 ലക്ഷം വാഹനങ്ങള്‍ മാരുതി നിരത്തിലെത്തിച്ചിരുന്നു. 2005 ആയതോടെ വില്‍പന 50 ലക്ഷത്തിലെത്തി. 2011-12 കാലയളവോടെ ഇത് ഒരു കോടി പിന്നിട്ടു. 2016-17ല്‍ ഒന്നരക്കോടി പിന്നിട്ട വില്‍പന രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് കോടിയിലുമെത്തി. രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ മുന്‍പന്തിയിലുള്ള കമ്പനിയും മാരുതിയാണ്.
Content Highlights; maruti suzuki total sales in india cross 2 crore units