ഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളില്‍ ഇന്ത്യന്‍ കമ്പനിയായ മാരുതി സുസുക്കി ചരിത്രത്തിലാദ്യമായി ആദ്യ പത്തിനുള്ളില്‍ സ്ഥാനംപിടിച്ചു. Brandz Top 100 നടത്തിയ പഠനത്തിലാണ് വാഹന വിഭാഗത്തില്‍ മാരുതിയുടെ കുതിപ്പ്. ബ്രാന്‍ഡ് സര്‍വ്വെയില്‍ ഫോക്‌സ്‌വാഗണെക്കാള്‍ (ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അല്ല) മൂല്യം കൈപിടിയിലൊതുക്കിയാണ് മാരുതി സുസുക്കി ഒമ്പതാം സ്ഥാനത്തെത്തിയത്. 6375 ബില്ല്യന്‍ ഡോളര്‍ ആസ്തിയോടെയാണ് മാരുതിയുടെ മുന്നേറ്റം. 

ആദ്യ പത്തിനുള്ളില്‍ സ്ഥാനംപിടിച്ച ഒരെയൊരു ഇന്ത്യന്‍ കമ്പനിയും മാരുതിയാണ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയാണ് ഒന്നാം സ്ഥാനത്ത്. 29,987 ബില്ല്യണ്‍ ഡോളറാണ് ടൊയോട്ടയുടെ ആസ്തി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് ടൊയോട്ട ഒന്നാം സ്ഥാനത്തെത്തുന്നത്. മൂല്യമേറിയ ആദ്യ 100 കമ്പനികളുടെ ഓവറോള്‍ കാറ്റഗറിയില്‍ ടൊയോട്ട 36-ാം സ്ഥാനത്താണ്. ഗൂഗിള്‍, ആപ്പിള്‍, ആമസോണ്‍ എന്നീ കമ്പനികളാണ് ഓവറോള്‍ കാറ്റഗറിയില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

കാര്‍ ബ്രാന്‍ഡില്‍ ടൊയോട്ടയ്ക്ക് തൊട്ടുപിന്നില്‍ മെഴ്‌സിഡീസ് ബെന്‍സാണ് രണ്ടാം സ്ഥാനത്ത്. ബിഎംഡബ്ല്യു മൂന്നാം സ്ഥാനത്തും. ഫോര്‍ഡ്, ഹോണ്ട, നിസാന്‍, ഔഡി, ടെസ്‌ല, എന്നിവരാണ് യഥാക്രമം നാല് മുതല്‍ എട്ട് വരെയുള്ള സ്ഥാനങ്ങളിലുള്ളത്. ഫോക്‌സ്‌വാഗണാണ് പത്താം സ്ഥാനത്ത്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയുള്ള വില്‍പ്പനയാണ് മാരുതിയുടെ മൂല്യം പതിന്‍മടങ്ങ് ഉയര്‍ത്തിയത്. ലക്ഷ്വറി കാറുകളുടെ വില ഇല്ലാതെ തന്നെ പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സയിലൂടെ വിപണി പിടിക്കാന്‍ മാരുതിക്ക് സാധിച്ചു. എസ്-ക്രോസ്, ബലേനോ, ബലേനോ ആര്‍എസ്, സിയാസ്, സിയാസ് എസ്, ഇഗ്നീസ് എന്നീ മോഡലുകളാണ് നെക്‌സ വഴി മാരുതി വിറ്റഴിക്കുന്നത്. 

Content Highlights; Maruti Suzuki Is The World's 9th Most Valuable Auto Brand