ന്ത്യന്‍ വാഹന ലോകത്തിന് നികത്താവാനാത്ത വിടവ് സൃഷ്ടിച്ച് മാരുതി സുസുക്കിയുടെ മുന്‍ മേധാവിയായിരുന്ന ജഗദീഷ് ഖട്ടാര്‍ (78) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.  1993-ലാണ് മാര്‍ക്കറ്റിങ്ങ് ഡയറക്ടറായി അദ്ദേഹം മാരുതിയുടെ ഭാഗമാകുന്നത്. 

ആര്‍.സി. ഭാര്‍ഗ സ്ഥാനമൊഴിഞ്ഞതോടെ 1999-ല്‍ സര്‍ക്കാര്‍ നോമിനിയായി അദ്ദേഹം മാരുതിയുടെ മാനേജിങ്ങ് ഡയറക്ടറായി. പിന്നീട് 2002-ല്‍ സുസുക്കിയുടെ നോമിനിയായും അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 2007-ലാണ് ജഗദീഷ് ഖട്ടാര്‍ മാരുതി സുസുക്കിയുടെ എം.ഡി. സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മികച്ച വളര്‍ച്ചയാണ് മാരുതി കൈവരിച്ചത്. 

65-ാം വയസില്‍ മാരുതിയോട് വിടപറഞ്ഞ ഖട്ടാര്‍ 2008-ല്‍ ഓട്ടോമോട്ടീവ് സെയില്‍സ് ആന്‍ഡ് സര്‍വീസ് കമ്പനിയായ കാര്‍നേഷന്‍ എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2018-ല്‍ ഖട്ടാര്‍ സ്ഥാപിച്ച ഈ കമ്പനി മഹീന്ദ്ര ഫസ്റ്റ് ചോയിസ് ഏറ്റെടുത്തു. മാരുതി സുസുക്കി എന്ന കമ്പനിയുടെ നേട്ടങ്ങളിലെല്ലാം ഖട്ടാറിന്റെ സാന്നിധ്യമുണ്ട്.

1969 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജഗദീഷ് ഖട്ടാര്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍വീസുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മാരുതിയുടെ ഭാഗമാകുന്നത്. കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജഗദീഷ് ഖട്ടാര്‍ സേവനം അനുഷ്ഠിച്ചിരുന്നു. മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ ഭാഗമായാണ് അദ്ദേഹം വാഹന ലോകത്ത് എത്തുന്നത്.

Content Highlights: Maruti Suzuki Former Managing Director Jagdish Khattar Passes Away