മാരുതി സുസുക്കിയുടെ പുതിയ മിനി എസ്.യു.വി മോഡലായ എസ്-പ്രെസോയുടെ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. സെപ്തംബര്‍ 30ന് വിപണിയിലെത്തി ദിവസങ്ങള്‍ക്കകമാണ് പതിനായിരത്തിലേറെ ഉപഭോക്താക്കള്‍ എസ്-പ്രെസോയെ തേടിയെത്തിയത്. 

വലിയ എസ്.യു.വികളോട് സാമ്യമുള്ള രൂപഘടനയിലെത്തിയ എസ്-പ്രെസോയ്ക്ക് 3.69 ലക്ഷം രൂപ മുതല്‍ 4.91 ലക്ഷം വരെയായിരുന്നു വില. എസ്-പ്രെസോയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ചതും ഈ ഘടകങ്ങളാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലായി സ്റ്റാന്റേര്‍ഡ്, എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, വിഎക്‌സ്‌ഐ പ്ലസ് എന്നീ നാല് വേരിയന്റുകളാണ് എസ്-പ്രെസോയ്ക്കുള്ളത്. ബിഎസ് 6 നിലവാരത്തിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5500 ആര്‍പിഎമ്മമില്‍ 67 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 90 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 21.7 കിലോമീറ്ററാണ് മൈലേജ്. 

ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള അഡിഷ്ണല്‍ ആക്‌സസറി കിറ്റുകളും എസ്-പ്രെസോയില്‍ മാരുതി നല്‍കുന്നുണ്ട്. കാറുകള്‍ക്ക് മികച്ച വില്‍പന നടക്കുന്ന ദീപാവലി ഉത്സവസീസണില്‍ കൂടുതല്‍ ആവശ്യക്കാര്‍ എസ്-പ്രെസോയെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Content Highlights; maruti s presso mini suv receives more than 10000 booking