രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ഒന്നാമനായി മരുതി ബലേനോ. 13,689 യൂണിറ്റ് ബലേനോ 2019 ജൂണില്‍ വിറ്റഴിക്കാന്‍ മാരുതിക്ക് സാധിച്ചു, അതേസമയം മുന്‍വര്‍ഷത്തെക്കാള്‍ 23.31 ശതമാനം കുറവാണിത്. 2018 ജൂണില്‍ 17,850 യൂണിറ്റായിരുന്നു ബലേനോയുടെ വില്‍പന. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ 27 ശതമാനം വിപണി വിഹിതവും ബലേനോയ്ക്കുണ്ട്. 2015 മുതല്‍ നിരത്തിലുള്ള ബലനോയുടെ ആറ് ലക്ഷത്തിലേറെ യൂണിറ്റുകള്‍ ഇതിനോടകം മാരുതി വിറ്റഴിച്ചിട്ടുണ്ട്. 

വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായ് ഐ20 മോഡലാണ്. ഐ20യുടെ 9,271 യൂണിറ്റുകള്‍ കഴിഞ്ഞ മാസം നിരത്തിലെത്തി. മുന്‍വര്‍ഷത്തെക്കാള്‍ 17.68 ശതമാനം ഇടിവോടെയാണിത്. 2018 ജൂണില്‍ 11,262 യൂണിറ്റായിരുന്നു വില്‍പന. ജൂണ്‍ ആറ് മുതല്‍ വിപണിയിലെത്തിയ പുതുമുഖമായ ടൊയോട്ട ഗ്ലാന്‍സയാണ് മൂന്നാം സ്ഥാനത്ത്. 1,919 ഗ്ലാന്‍സ യൂണിറ്റ് ഇക്കാലയളവില്‍ വിറ്റഴിക്കാന്‍ ടൊയോട്ടയ്ക്ക് സാധിച്ചു. സുസുക്കി-ടൊയോട്ട സഹകരണത്തിന്റെ ഭാഗമായുള്ള ബലേനോയുടെ റീ ബാഡ്ജ് മോഡല്‍ കൂടിയാണ് പുതിയ ടൊയോട്ട ഗ്ലാന്‍സ. 

ഫോക്‌സ്‌വാഗണ്‍ പോളോയാണ് നാലാം സ്ഥാനത്ത്. മുന്‍വര്‍ഷത്തെക്കാള്‍ 1.47 ശതമാനം വളര്‍ച്ചയോടെ പോളോയുടെ 1,450 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റഴിച്ചു. 680 യൂണിറ്റോടെ ഹോണ്ട ജാസാണ് അഞ്ചാമത്‌. 42.13 ശതമാനം ഇടിവ് ജാസിനുണ്ടായി, കഴിഞ്ഞ ജൂണില്‍ 1,175 യൂണിറ്റായിരുന്നു വില്‍പന. 

Source; Rushlane

Content Highlights; Premium Hatchback Sales, Maruti Baleno Beat Hyundai i20