ഫോര്‍ഡ്-മഹീന്ദ്ര കമ്പനികളുടെ പരസ്പര സഹകരണത്തില്‍ പുതിയ മള്‍ട്ടി പര്‍പ്പസ് വാഹനം വിപണിയിലേക്കെത്തുന്നു. മഹീന്ദ്ര മരാസോയുടെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും ഇത്. അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയും ഒന്നിച്ച് നീങ്ങാന്‍ അടുത്തിടെയാണ് ധാരണയിലെത്തിയിരുന്നത്. ഇരുവരുടെയും സഖ്യത്തില്‍ 51 ശതമാനം വിഹിതം മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമാണ്. അടുത്ത വര്‍ഷം പകുതിയോടെ ഇരുകമ്പനികളുടെയും സഹകരണത്തിലുള്ള ആദ്യ മോഡല്‍ പുറത്തിറങ്ങും. 

മരാസോ അടിസ്ഥാനത്തിലുള്ള പുതിയ എംപിവിക്ക് പുറമേ എസ്.യു.വി, ഇലക്ട്രിക് വാഹന നിരകളിലായി ആകെ ഏഴ് മോഡലുകളാണ് ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ വിപണിയിലേക്കെത്തുന്നത്. ഇതില്‍ XUV 500 മോഡലിന്റെ അടിസ്ഥാനത്തിലുള്ള ഒരു എസ്.യു.വി മോഡലാണ് ആദ്യം ഇന്ത്യയില്‍ പുറത്തിറങ്ങുക, ഫോര്‍ഡ് ബ്രാന്‍ഡിലായിരിക്കും ഈ എസ്.യു.വി. പിന്നാലെ മഹീന്ദ്ര മരാസോ അടിസ്ഥാനത്തിലുള്ള എംപിവി മോഡലും നിരത്തിലേക്കെത്തും. ഫോര്‍ഡ് ബാഡ്ജിലുളളതായിരിക്കും ഈ എംപിവിയും. ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പനയും നടക്കുക.

Content Highlights; marazzo based new mpv coming soon, ford mahindra joint venture